Movie News

അപ്പോ തുടങ്ങുവല്ലേ! ആരാധകര്‍ കാത്തിരുന്ന അപ്ഡേറ്റുമായി മമ്മൂട്ടിയുടെ ബസൂക്ക – mammootty bazooka release date out

ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഒരു വമ്പൻ മമ്മൂട്ടി ചിത്രമാണ് ബസൂക്ക. ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് ഒടുവില്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറക്കാര്‍. മമ്മൂട്ടിയുടെ വ്യത്യസ്‍തമായ ഒരു മലയാള സിനിമയായിരിക്കും ബസൂക്ക എന്നാണ് പ്രതീക്ഷ. ചിത്രം വാലന്റൈൻസ് ദിനമായ ഫെബ്രുവരി 14 ന് പ്രേക്ഷകരിലേക്കെത്തും.

നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്ക മാസങ്ങള്‍ക്ക് മുന്‍പേ ഷൂട്ടിംഗ് പൂര്‍ത്തിയായി ഏറെ നാളായി റിലീസ് ഡേറ്റ് കാത്തിരിക്കുകയാണ്. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോൻ ആദ്യമായി വേഷമിടുന്നു എന്ന പ്രത്യേകത ബസൂക്കയ്‍ക്കുണ്ട്. ദ ഗെയിം ഓണ്‍ എന്ന പേരിലാണ് പോസ്റ്റര്‍ ഇറക്കിയിരിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിന്റെ മകനാണ് ഡീനോ ഡെന്നിസ്.

ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും ഡോൾവിൻ കുര്യാക്കോസുമാണ്. നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ടീസർ സമൂഹ മാധ്യമങ്ങളിൽ മികച്ച ശ്രദ്ധ നേടിയിരുന്നു. ടീസറിലെ മമ്മൂട്ടിയുടെ ഡയലോഗുകളും ലുക്കും ആരാധകർ ഏറ്റെടുത്തിരുന്നു. സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

STORY HIGHLIGHT: mammootty bazooka release date out