തൊടുപുഴ: മുല്ലപ്പെരിയാർ ഡാമിന്റെ വാർഷിക അറ്റകുറ്റപ്പണി തമിഴ്നാട് ഇന്നലെ തുടങ്ങി. ആദ്യം അനുമതി നിഷേധിച്ചെങ്കിലും അറ്റകുറ്റപ്പണിയുടെ വിശദാംശങ്ങൾ തമിഴ്നാട് വ്യക്തമാക്കിയതിനെത്തുടർന്നു ഡിസംബർ 11നു കേരളം അനുവാദം നൽകുകയായിരുന്നു. അറ്റകുറ്റപ്പണിക്കായി കേരളത്തിന്റെ അനുമതിയില്ലാതെ ഡിസംബർ 4നു തമിഴ്നാട് സാധനങ്ങൾ എത്തിച്ചതു കേരള വനംവകുപ്പ് വള്ളക്കടവ് ചെക്പോസ്റ്റിൽ തടഞ്ഞിരുന്നു.
ഡിസംബർ 12നു വൈക്കത്തു തന്തൈ പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനത്തിനു തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ എത്തുന്നതിന്റെ തലേന്ന് അറ്റകുറ്റപ്പണികൾക്ക് കേരളം പിന്നീട് അനുമതി നൽകുകയായിരുന്നു. കമ്പത്തുനിന്നുള്ള പെരിയാർ ഡാം (സ്പെഷൽ ഡിവിഷൻ) എക്സി. എൻജിനീയറുടെ നേതൃത്വത്തിലാണു ജോലികൾ. സ്പിൽവേ ഷട്ടർ പ്ലേറ്റുകളുടെ മാറ്റം, പെയ്ന്റിങ്, ക്വാർട്ടേഴ്സിന്റെയും കെട്ടിടങ്ങളുടെയും നവീകരണം എന്നിവയാണ് ഇപ്പോൾ നടക്കുന്നത്.