Entertainment

കൂടുതൽ വയലൻസോടെ ‘മാർക്കോ 2’ എത്തും ! വില്ലനാകുന്നത് തമിഴ് സൂപ്പർ താരം ?

ബോക്‌സ് ഓഫീസില്‍ വൻ കളക്ഷൻ സ്വന്തമാക്കി മുന്നേറുകയാണ് ഉണ്ണി മുകുന്ദന്‍ ചിത്രം ‘മാര്‍ക്കോ’. കേരളത്തിൽ മാത്രമല്ല ഹിന്ദിയിലും കന്നഡയിലും ചിത്രം ചർച്ചയാകുന്നുണ്ട്. ഇതിന് പിന്നാലെ ന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനമായികൊണ്ട് ചിത്രം കൊറിയയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ കൊറിയൻ റിലീസ് ഏപ്രിലിൽ ആകും. 100 സ്ക്രീനുകളിലാകും ചിത്രം പ്രദർശിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ബാഹുബലിയ്ക്ക് ശേഷം ഇതാദ്യമായാണ് ഒരു തെന്നിന്ത്യൻ ചിത്രം കൊറിയയിൽ റിലീസ് ചെയ്യുന്നത്.

ഏറ്റവും വയലന്‍സ് നിറഞ്ഞ സിനിമയായി എത്തിയ ചിത്രം, മലയാളത്തില്‍ ഇന്നേ വരെ എത്തിയ ഒരു സിനിമയ്ക്കും നല്‍കാനാവാത്ത എക്‌സ്പീരിയന്‍സ് ആണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. ഇതിനിടെ സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാവുമെന്ന് സംവിധായകന്‍ ഹനീഫ് അദേനി തന്നെ വ്യക്തമാക്കിയിരുന്നു. മാര്‍ക്കോ 2 തീര്‍ച്ചയായും ഉണ്ടാകും. പക്ഷേ ഉടനേ ഇല്ല. ഇപ്പോള്‍ കിട്ടിയ പ്രേക്ഷക സ്വീകാര്യത അനുസരിച്ച് വലിയൊരു ക്യാന്‍വാസില്‍ വലിയൊരു സിനിമയായി വലിയ വയലന്‍സോടെ വരും എന്നായിരുന്നു സംവിധായകന്റെ മറുപടി. എന്നാൽ ചിത്രത്തിലെ വില്ലനെ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾ ചൂടുപിടിക്കുകയാണ്.

‘മാർക്കോ 2’ -ൽ തമിഴ് സൂപ്പർതാരം ചിയാൻ വിക്രം വില്ലനായെത്തുന്ന രീതിയിലുള്ള അഭ്യൂഹങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഇതോടെ ചൂടുപിടിച്ച ചർച്ചകളാണ് നടക്കുന്നത്. ഉണ്ണിയോടൊപ്പം വിക്രവും ഒന്നിക്കുന്നുവെന്ന രീതിയിലെത്തിയിരിക്കുന്ന വാർത്ത ഏവരും ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. തിയേറ്ററുകളിൽ മൂന്നാമത്തെ ആഴ്ച പിന്നിടുമ്പോള്‍ മികച്ച കളക്ഷനുമായി എല്ലാ ഭാഷകളിലും നിറഞ്ഞ സദസ്സിൽ ‘മാർക്കോ’ കുതിപ്പ് തുടരുകയാണ്.

ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും ഉണ്ണി മുകുന്ദൻ ഫിലിംസിൻ്റെയും ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിച്ചിരിക്കുന്ന ‘മാർക്കോ’ മലയാളത്തിൽ നിന്നും ഇതുവരെ പുറത്തുവരാത്ത രീതിയിലുള്ള സിനിമയെന്നാണ് പ്രേക്ഷകാഭിപ്രായം. മലയാളത്തിൽ ഒട്ടേറെ ഹിറ്റ് സിനിമകളൊരുക്കിയ ഹനീഫ് അദേനിയുടെ സംവിധാനത്തിൽ എത്തിയിരിക്കുന്ന ‘മാർക്കോ’ ഒരു ഹൈ-ഒക്ടെയ്ൻ ആക്ഷൻ പായ്ക്ക്ഡ് ക്രൈം ഡ്രാമയായി തിയേറ്ററുകള്‍ കീഴടക്കി മുന്നേറുകയാണ്. ഇന്ത്യൻ സിനിമ ഇൻഡസ്ട്രിയിൽ തന്നെ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിച്ചുകൊണ്ട് സൂക്ഷ്മമായി കോറിയോഗ്രഫി ചെയ്ത ആക്ഷൻ രംഗങ്ങളിലൂടെ സ്വർണ്ണക്കടത്തിന്‍റെ അപകടകരമായ ലോകത്തിനുള്ളിലെ പ്രതികാരത്തിന്‍റെയും വീണ്ടെടുക്കലിന്‍റെയും സങ്കീർണ്ണതകളുടേയുമൊക്കെ സിനിമാറ്റിാക്ക് വിവരണമാണ് ചിത്രം മുന്നോട്ടുവയ്ക്കുന്നത്.