Health

ഇന്നും പ്രഭാത ഭക്ഷണം ഓട്സ് ആണോ ? ദിവസവും രാവിലെ ഓട്സ് കഴിക്കരുത്, കാരണങ്ങൾ ഇതാണ്

വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർ രാവിലെ പതിവായി കഴിക്കുന്ന ഭക്ഷണമാണ് ഓട്സ്. വളരെ പെട്ടെന്ന് തയ്യാറാക്കാൻ കഴിയുന്നതും ആരോഗ്യകരവുമായ പ്രഭാത ഭക്ഷണമാണ് എന്നത് തന്നെയാണ് ഇതിന്റെ കാരണം. മികച്ച ദഹനവ്യവസ്ഥിതി നേടിയെടുക്കുന്നതിനും ആരോഗ്യപരിപാലനത്തിനും എല്ലാമായി ഏതു പ്രായക്കാർക്കും ഒരുപോലെ കഴിക്കാൻ കഴിയുന്ന ഭക്ഷണങ്ങളിൽ ഒന്നാണ് ഓട്സ്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും പലതരം ഡയറ്റുകൾ പിന്തുടരുന്ന ആളുകൾക്കുമെല്ലാം ഇത് കഴിക്കാൻ ഏറ്റവും അനുയോജ്യമാണ്. എന്നാൽ എല്ലാ ദിവസവും രാവിലെ ഇത്തരത്തിൽ ഓട്സ് കഴിക്കേണ്ടതുണ്ടോ എന്നത് ഒരു പ്രധാനപ്പെട്ട ചോദ്യമാണ്.

ഓട്‌സ് പൂർണ്ണമായും ഒരു ഗ്ലൂട്ടൺ രഹിത ആഹാരമാണ്. അതിനർത്ഥം ഇത് കഴിക്കുന്നതു വഴി നിങ്ങളുടെ കുടലിന് യാതൊരു രീതിയിലും അസ്വസ്ഥതകൾ ഉണ്ടാകില്ല എന്നർത്ഥം. എന്നാൽ എല്ലാ ഓട്സുകളും ഇങ്ങനെ അല്ല. സെലിയാക് ഡിസീസ് അല്ലെങ്കിൽ ഗ്ലൂട്ടൻ സെൻസിറ്റിവിറ്റി ഉണ്ടെങ്കിൽ പതിവായി ഓട്സ് കഴിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ ഗ്ലൂട്ടൻ-ഫ്രീ ഓട്സ് തിരഞ്ഞെടുക്കുക.

ഓട്‌സിൽ ഫൈറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് കാൽസ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ ചില ധാതുക്കളുടെ ആഗിരണത്തെ തടയും. ഓട്‌സ് കുതിർക്കുകയോ പുളിപ്പിക്കുകയോ ചെയ്യുന്നതിലൂടെ അവയിലെ ഫൈറ്റിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. ഓട്‌സിലെ നാരുകൾ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. എന്നാൽ, അവയുടെ അമിതമായ ഉപഭോഗം ചില വ്യക്തികളിൽ ഗ്യാസിനുെ വീക്കത്തിനും കാരണമാകും.

ഓട്‌സ് പോഷകഗുണമുള്ളതാണെങ്കിലും അവയിൽ കലോറി കൂടുതലാണ്. കലോറി ഉപഭോഗം നിയന്ത്രിക്കാൻ ശ്രമിക്കുകയാണെങ്കിൽ അവ പതിവായി കഴിക്കുന്നത് നിർത്തുക. ഓട്‌സ് ധാരാളം പോഷകങ്ങൾ നൽകുന്നുണ്ടെങ്കിലും ശരീരത്തിന് എല്ലാ ദിവസവും ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിവിധതരം ഭക്ഷണങ്ങൾ ഉൾപ്പെടുന്ന സമീകൃതാഹാരം ആവശ്യമാണ്. അതിനാൽ, പ്രഭാതഭക്ഷണത്തിന് ദിവസവും ഓട്‌സിനെ മാത്രം ആശ്രയിക്കുന്നത് നല്ലതല്ല.

ഓട്‌സ് ചിലരിൽ അലർജിക്ക് കാരണമാകും. ഓട്‌സ് കഴിച്ചതിന് ശേഷം ചൊറിച്ചിൽ, ദഹനസംബന്ധമായ അസ്വസ്ഥതകൾ എന്നിവ അനുഭവപ്പെടുകയാണെങ്കിൽ, ഡോക്ടറെ സമീപിക്കുക. മിതമായ അളവിൽ ഓട്‌സ് ആഴ്ചയിൽ 2-3 തവണ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.