കൊച്ചി: മലയാള സിനിമ താര സംഘടനയായ ‘അമ്മ’ ആദ്യമായി സംഘടിപ്പിക്കുന്ന ‘അമ്മ കുടുംബ സംഗമം’ ഇന്ന്. രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് അംഗങ്ങളായ കലാകാരന്മാർ അണിയിച്ചൊരുക്കുന്ന അതിവിപുലമായ കലാകായിക വിനോദ പരിപാടികൾ രാവിലെ ഒമ്പത് മണി മുതൽ രാത്രി പത്തു വരെ നീളും.
ഹേമ കമ്മറ്റി റിപ്പോർട്ടിനു പിന്നാലെ ഉടലെടുത്ത വിവാദങ്ങളിൽ പിളർപ്പിലേക്ക് അടക്കം നീങ്ങിയ സംഘടനയെ ഒരുമിച്ച് കൊണ്ട് പോകാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്. സംഘടനയുടെ ചരിത്രത്തിൽ ആദ്യമായി നടത്തുന്ന കുടുംബ സംഗമം മുതിർന്ന അംഗങ്ങളായ സുരേഷ് ഗോപി, മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ നീക്കം.
ലൈംഗിക ആരോപണങ്ങളെ തുടർന്ന് ഭരണസമിതി പിരിച്ചു വിട്ട പശ്ചാതലത്തിൽ താത്കാലിക കമ്മറ്റിയാണ് കുടുംബസംഗമം നടത്തുന്നത്. 2500 ൽ അധിക ആളുകൾ പങ്കെടുക്കുന്ന പരിപാടി കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് നടക്കുക.
റിഹേഴ്സൽ ക്യാമ്പിന് കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ ഇന്നലെ തിരി തെളിഞ്ഞു. മലയാള സിനിമയിലെ മുതിർന്ന അഭിനേതാവും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസനും ഒപ്പം പുതിയ തലമുറയിലെ പ്രിയ താരമായ മമിതാ ബൈജുവും ചേർന്നാണ് ദീപം തെളിയിച്ചത്. അമ്മയുടെ മുപ്പത് വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് അമ്മ അംഗങ്ങളും അവരുടെ കുടുംബങ്ങളും ഒത്തുചേരുന്നത്.