വാഷിംഗ്‌ടൺ: തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ പോൺ താരം സ്റ്റോര്‍മി ഡാനിയേൽസിന് ട്രംപ് പണം നൽകിയെന്ന ആരോപണത്തിൽ വിധി ഈ മാസം പത്തിന്. ട്രംപിനെതിരെ ജനുവരി 10 ന് ന്യൂയോർക്കിൽ വിധിപറയുമെന്ന് ജഡ്‌ജി ജുവാൻ മെർച്ചൻ ഔദ്യോഗികമായി അറിയിച്ചു. നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് അന്നേ ദിവസം നേരിട്ടോ അല്ലാതെയോ ഹാജരാകണമെന്നും കോടതി നിർദേശം നൽകി. ഈ മാസം 20 നാണ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി അധികാരമേൽക്കുക.
എന്നാൽ ജയിൽ ശിക്ഷയോ പിഴയോ ശിക്ഷയായി നൽകില്ലെന്നാണ് സൂചന. ട്രംപിനെ കേസിൽ ഉപാധികൾ കൂടാതെ വിട്ടയക്കുമെന്നാണ് കരുതുന്നത്. അമേരിക്കൻ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ തനിക്കെതിരെയുള്ള കേസുകൾ ഇല്ലാതാക്കാൻ ട്രംപ് ശ്രമിച്ചിരുന്നു. കേസ് നിയമവിരുദ്ധമാണെന്നും, ശിക്ഷ വിധിക്കാനുള്ള നീക്കം ഉടൻ തള്ളിക്കളയണമെന്നും ട്രംപിന്റെ അഭിഭാഷകർ ആവശ്യപ്പെട്ടു. ന്യൂയോര്‍ക്കിലും ജോര്‍ജിയയിലും ഉൾപ്പടെ നാല് ക്രിമിനല്‍ കേസുകളാണ് ട്രംപ് നേരിടുന്നത്. ഇതില്‍ രണ്ടെണ്ണം ഫെഡറല്‍ സ്വഭാവമുള്ളതാണ്. ബിസിനസ് രേഖകളില്‍ തിരിമറി കാണിച്ചെന്നും 2016 ലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ പോണ്‍ഫിലിം അഭിനേതാവ് സ്റ്റോര്‍മി ഡാനിയേലിന് പണം നല്‍കിയെന്നുമാണ് കേസ്.