Food

ഉച്ചയൂണിന് കുമ്പളങ്ങ മത്തങ്ങ പുളിശ്ശേരി ആയാലോ?

ഉച്ചയൂണിന് കിടിലൻ സ്വാദിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പി നോക്കിയാലോ? ഒരുഗ്രൻ കുമ്പളങ്ങാ മത്തങ്ങ പുളിശ്ശേരിയുടെ റെസിപ്പി.

ആവശ്യമായ ചേരുവകള്‍

  • 1.കുമ്പളങ്ങ 200 ഗ്രാം
  • മത്തങ്ങ 200 ഗ്രാം
  • പച്ചമുളക് രണ്ട്
  • മഞ്ഞള്‍പ്പൊടി കാല്‍ ചെറിയ സ്പൂണ്‍
  • ഉപ്പ് പാകത്തിന്
  • വെള്ളം പാകത്തിന്
  • 2.തേങ്ങ ചുരണ്ടിയത് രണ്ടു കപ്പ്
  • ജീരകം ഒരു വലിയ സ്പൂണ്‍
  • പച്ചമുളക് രണ്ട്
  • മഞ്ഞള്‍പ്പൊടി അര ചെറിയ സ്പൂണ്‍
  • വെള്ളം പാകത്തിന്
  • 3.പുളിയുള്ള തൈര് 500 മില്ലി
  • 4.വെളിച്ചെണ്ണ രണ്ടു വലിയ സ്പൂണ്‍
  • 5.കടുക് ഒരു ചെറിയ സ്പൂൺ
  • ഉലുവ അര ചെറിയ സ്പൂണ്‍
  • വറ്റല്‍മുളക് മൂന്ന്
  • കറിവേപ്പില രണ്ടു തണ്ട്
  • മുളകുപൊടി കാല്‍ ചെറിയ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് പ്രഷര്‍ കുക്കറില്‍ ഒരു വിസില്‍ വരുന്നതു വരെ വേവിക്കുക. വെന്ത് ഉടഞ്ഞു പോകരുത്. രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് നന്നായി അരച്ചെടുക്കുക. ഇത് വേവിച്ചു വച്ചിരിക്കുന്ന കുമ്പളങ്ങ മത്തങ്ങ കൂട്ടില്‍ ചേര്‍ത്ത് വേവിക്കുക. ഇതിലേക്ക് തൈര് അല്പം വെള്ളം ചേര്‍ത്ത് മിക്‌സിയില്‍ ഒന്ന് അടിച്ച് ചേര്‍ക്കുക. കൈവിടാതെ ഇളക്കി യോജിപ്പിക്കണം. തിളയ്ക്കുന്നതിനു മുമ്പായി വാങ്ങി വയ്ക്കണം. ഇതിലേക്ക് വെളിച്ചെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ ചേര്‍ത്തു മൂപ്പിച്ചു പുളിശ്ശേരിയില്‍ ഒഴിച്ചു വിളമ്പാം.