Kerala

പെരിയ ഇരട്ടക്കൊലപാതകത്തിലെ കോടതി വിധി; അപ്പീൽ നൽകാനൊരുങ്ങി കുടുംബം

പെരിയ ഇരട്ടക്കൊലപാതകത്തിലെ കോടതി വിധിക്ക് പിന്നാലെ കുറ്റവിമുക്തരായവർക്കെതിരെ കൃപേഷിന്റെയും, ശരത് ലാലിന്റെയും കുടുംബം അപ്പീൽ നൽകും. കോടതി കുറ്റവിമുക്തനാക്കിയ ഒമ്പതാം പ്രതി മുരളി ഉൾപ്പെടെ അഞ്ചു പേർക്കെതിരെ അപ്പീൽ നൽകാൻ ആണ് തീരുമാനം. കെ വി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള സിപിഐഎം നേതാക്കൾക്ക് മേൽ ഗൂഢാലോചന കുറ്റം തെളിയാത്തത് കുടുംബം ചൂണ്ടിക്കാട്ടിയിരുന്നു.ഇതിൽ നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് ഉചിതമായ തീരുമാനം എടുക്കാനാണ് കുടുംബത്തിന്റെ തീരുമാനം.

അതേസമയം അഞ്ച് വര്‍ഷം തടവ് ഒരു പ്രശ്‌നമല്ലെനന്നായിരുന്നു പെരിയ കേസില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട സിപിഐഎം മുന്‍ എംഎൽഎ കെ.വി കുഞ്ഞിരാമന്‍ വിധിക്ക് പിന്നാലെ പ്രതികരിച്ചത്. കേസിൽ സിപിഐഎം നേതാക്കളെ കുടുക്കിയതാണെന്ന വാദത്തിൽ പാർട്ടി ഉറച്ചു നിൽക്കുകയാണ്.

പെരിയ ഇരട്ട കൊലപാതക കേസിൽ10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്കും 10,15 പ്രതികൾക്കുമാണ് ഇരട്ട ജീവപര്യന്തം വിധിച്ചത്. 14,20,21,22 പ്രതികൾക്ക് 5 വർഷം തടവിനാണ് കോടതി ശിക്ഷിച്ചത്. കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷയിൽ ഇളവ് വേണമെന്ന് പ്രതികൾ ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചില്ല. പ്രതികൾ സ്ഥിരം കുറ്റവാളികളല്ലെന്ന് പ്രതിഭാഗം വക്കീൽ കോടതിയിൽ വാദിച്ചു.

2019 ഫെബ്രുവരി 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്.