Kerala

വയനാട് ഡിസിസി ട്രഷറർ എൻ.എം വിജയന്റെ ആത്മഹത്യ; വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

വയനാട് ഡിസിസി ട്രഷറർ എൻ.എം വിജയൻ്റെയും മകൻ്റേയും മരണത്തിന് പിന്നാലെ ഉയർന്ന സാമ്പത്തിക ഇടപാട് ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. നിലവിൽ ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ആത്മഹത്യ സംഭവത്തിൽ ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുമ്പോഴാണ് വിജിലൻസ് അന്വേഷണത്തിനും ഉത്തരവാകുന്നത്. നിയമനത്തിനായി നടത്തിയ ഇടപാടിലൂടെ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി ആണ് വിജയൻറെ ആത്മഹത്യക്ക് കാരണമായതെന്നും ആരോപണം ഉയർന്നിരുന്നു.

അർബൻ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് ഐസി ബാലകൃഷ്ണൻ എംഎൽഎയ്ക്കെതിരെ ഉയർന്ന ആരോപണവും അന്വേഷിക്കും. ബാങ്ക് നിയമനത്തിന് എൻ എം വിജയൻ വഴി നിരവധിപേരിൽ നിന്ന് പണം വാങ്ങിയെന്നും ഇതിന് ഐ സി ബാലകൃഷ്ണന് പങ്കുണ്ടെന്നും ആണ് ആരോപണം.

വിജയന് രണ്ട് ബാങ്കുകളിലായി ഒരു കോടി രൂപയുടെ ബാധ്യതയുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 10 ബാങ്കുകളിലെങ്കിലും വിജയന് ഇടപാട് ഉണ്ടായിരുന്നു എന്ന് പ്രാഥമിക നിഗമനം. 14 ബാങ്കുകളിൽ നിന്ന് പൊലീസ് വിവരം തേടിയിട്ടുണ്ട്. മറ്റ് ബാങ്കുകളിലെ വായ്പകള്‍ കണ്ടെത്താനും അന്വേഷണം നടക്കുന്നുണ്ട്. ഇത്രയധികം ബാധ്യത എങ്ങനെ വന്നുവെന്ന് പരിശോധിക്കും.

ഡിസംബര്‍ 27നാണ് വിജയനും ഇളയ മകൻ ജിജേഷും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. 24ന് ഇരുവരെയും മണിച്ചറിയിലെ വീട്ടിൽ കണ്ടെത്തുകയായിരുന്നു. ഇരുവരെയും ആദ്യം സുൽത്താൻ ബത്തേരിയിലെ താലൂക്ക്​ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.