ഇന്ത്യയിലെ പ്രമുഖ നടിയും മോഡലുമാണ് സാക്ഷി അഗര്‍വാള്‍. തമിഴ്, കന്നഡ, മലയാളം തുടങ്ങി പല ഭാഷാ സിനിമകളിലും അഭിനയിച്ചിട്ടുള്ള നടി മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റായിട്ടാണ് കരിയര്‍ ആരംഭിച്ചത്. ഗ്ലാമറസ് വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഫോട്ടോ ഷൂട്ടുകളിലൂടെ നടി ആരാധകരെ ഞെട്ടിക്കാറുണ്ട്. നടി എന്നതിലുപരി ബിഗ് ബോസ് താരം കൂടിയാണ് സാക്ഷി അഗര്‍വാള്‍. കമല്‍ ഹാസന്‍ അവതാരകനായിട്ടെത്തിയ ബിഗ് ബോസ് തമിഴിന്റെ മൂന്നാം സീസണിലായിരുന്നു സാക്ഷി മത്സരിച്ചത്. നാല്‍പത്തിയൊന്‍പത് ദിവസം മത്സരിച്ച ശേഷമാണ് നടി പുറത്താകുന്നത്. ഇതിനകെ തന്നെ നിരവധി ആരാധകരെ സൃഷ്ടിച്ച താരം ഇപ്പോൾ വിവാഹിതയായിരിക്കുകയാണ്.
നവ്നീത് ആണ് സാക്ഷി അഗർവാളിന്റെ വരൻ. ഗോവയിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇരുവരുടേയും പ്രണയ വിവാഹമാണ്. സാക്ഷിയുടെ കുട്ടിക്കാലം മുതലുള്ള സുഹൃത്തായിരുന്നു നവ്നീത്. സോഷ്യൽ മീഡിയയിലൂടെ സാക്ഷി തന്നെയാണ് വിവാഹ വാർത്ത പങ്കുവച്ചത്. മനോഹരമായ അടിക്കുറിപ്പോടെയാണ് സാക്ഷി വിവാഹചിത്രങ്ങൾ പങ്കുവെച്ചത്. ‘ബാല്യകാല സുഹൃത്തില്‍ നിന്ന് പങ്കാളിയിലേക്ക്. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം. സന്തോഷത്തിന്റെയും സ്‌നേഹത്തിന്റെയും നാളുകള്‍’ എന്നാണ് സാക്ഷി സോഷ്യൽ മീഡിയയിൽ കുറിച്ചത്.
2013ൽ റിലീസ് ചെയ്ത രാജാ റാണിയിലൂടെയാണ് സാക്ഷി അഗർവാൾ തമിഴ് സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. രാജാ റാണിയില്‍ ചെറിയൊരു റോള്‍ ചെയ്ത് സിനിമയില്‍ എത്തിയ സാക്ഷി പിന്നീട് കന്നഡ സിനിമകളിലൂടെ തിരക്കേറിയ നായികയായി. താരം മലയാളത്തിൽ ഉൾപ്പടെ നിരവധി സിനിമകളിൽ വേഷമിട്ടു. ഒരായിരം കിനാക്കളാൽ എന്ന മലയാള ചിത്രത്തിലാണ് സാക്ഷി അഭിനയിച്ചത്. . രജനികാന്തിന്റെ കാല, അജിത്തിന്റെ വിശ്വാസം, ടെഡ്ഡി, സിന്‍ഡ്രല്ല, അരണ്‍മനൈ 3, നാന്‍ കടവുളൈ ഇല്ലേ, ബഗീര തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ സാക്ഷി അഭിനയിച്ചിട്ടുണ്ട്. അധര്‍മ കഥൈകള്‍ എന്ന ചിത്രമാണ് സാക്ഷിയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയത്. ഗസ്റ്റ് ചാപ്റ്റര്‍ 2, ദ നൈറ്റ് എന്നീ സിനിമകള്‍ നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.