18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സാമൂഹിക മാധ്യമങ്ങളിൽ അക്കൗണ്ടുകൾ തുടങ്ങുന്നതിന് രക്ഷിതാക്കളുടെ അനുമതി നിർബന്ധമാക്കി ഡിജിറ്റൽ പേഴ്സനൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്റ്റ്-2023 ന്റെ കരട് രൂപം പുറത്ത്. വെള്ളിയാഴ്ച്ചയാണ് കേന്ദ്രം കരട് രൂപം പുറത്തുവിട്ടത്. MyGov.in. എന്ന വെബ്സൈറ്റിലൂടെ പൊതു ജനങ്ങൾക്ക് നിയമവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും മറ്റും പങ്കുവെക്കാൻ സാധിക്കും. കുട്ടികളുമായി ബന്ധപ്പെട്ട വ്യക്തിഗതവിവരങ്ങൾ ശേഖരിക്കുന്നതിന് മുമ്പ് രക്ഷിതാക്കളുടെ പക്കൽ നിന്ന് അനുവാദം വാങ്ങണം. അനുവാദം ഇല്ലാതെ കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കാനോ ശേഖരിക്കാനോ സാധിക്കില്ലെന്നും രേഖയിൽ പറയുന്നു.
ഭിന്നശേഷിക്കാരായ വ്യക്തികളുടെയും കുട്ടികളുടെയും വ്യക്തിഗതമായ ഡാറ്റ സംരക്ഷിക്കുന്നതിനുള്ള കർശന നടപടികൾക്കാണ് കരട് പ്രാധാന്യം നൽകുന്നത്. ഉപയോക്താക്കൾക്ക് അവരുടെ ഡാറ്റകൾ ഇല്ലാതാക്കാൻ കമ്പനികളോട് ആവശ്യപ്പെടാം എന്നുള്ളതാണ് കരട് നിയമത്തിലെ പ്രധാന സവിശേഷത. വ്യക്തികളുടെ ഡാറ്റകൾ ശേഖരിക്കുന്നതിൽ കമ്പനികൾ കൂടുതൽ സുതാര്യത ഉറപ്പാക്കേണ്ടി വരും. അതുപോലെ ഡാറ്റ ലംഘനത്തിന് കമ്പനികൾ 250 കോടി രൂപ വരെ പിഴയും അടക്കേണ്ടി വരും.
വിദ്യാഭ്യാസ, മെഡിക്കൽ ആവശ്യങ്ങൾക്ക് കുട്ടികളുടെ വ്യക്തിവിവരങ്ങൾ ഉപയോഗിക്കുന്നതിന് ഇളവ് നൽകും. രക്ഷിതാവിന്റെ പ്രായം സർക്കാർ രേഖകൾ വഴിയോ ഡിജിലോക്കർ വഴിയോ സമൂഹമാധ്യമങ്ങൾ പരിശോധിക്കണമെന്നാണ് കരട് വ്യവസ്ഥ. നിലവിൽ 13 വയസ്സിന് മുകളിലുള്ളവർക്ക് സാമൂഹികമാധ്യമങ്ങളിൽ അക്കൗണ്ട് തുടങ്ങാം. എന്നാൽ ചട്ടം പ്രാബല്യത്തിൽ വരുന്നതോടെ കുട്ടികൾക്ക് സ്വന്തമായി ഓൺലൈൻ അക്കൗണ്ട് തുടങ്ങാനാകില്ല. കരട് ചട്ടങ്ങൾ ഫെബ്രുവരി 18ന് ശേഷമായിരിക്കും പരിഗണിക്കുക.