Food

രുചികരമായ ചിക്കന്‍ ഗീ റോസ്റ്റ് ഉണ്ടാക്കിയാലോ? | Chicken ghee roast

രുചികരമായ ചിക്കന്‍ ഗീ റോസ്റ്റ് ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ഒരു ചിക്കൻ വിഭവം.

ആവശ്യമായ ചേരുവകള്‍

  • ചിക്കന്‍ 10 കഷണം
  • സവാള-1
  • മല്ലി 1 ടേബിള്‍സ്പൂണ്‍
  • തൈര് 3 ടേബിള്‍സ്പൂണ്‍
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടീസ്പൂണ്‍
  • മഞ്ഞള്‍പ്പൊടി1/4 ടീസ്പൂണ്‍
  • ഉലുവാപ്പൊടി 2 നുള്ള്
  • ഉപ്പ് ആവശ്യത്തിന്
  • കുരുമുളക് 5, 6 എണ്ണം
  • ചുവന്ന വറ്റല്‍ മുളക് 8എണ്ണം
  • ചെറിയ ജീരകം 1/2 ടീസ്പൂണ്‍
  • പെരുഞ്ചീരകം1/2 ടീസ്പൂണ്‍
  • ഗ്രാമ്പൂ 2എണ്ണം
  • പട്ട ചെറിയ കഷ്ണം
  • പുളി നെല്ലിക്കാ വലുപ്പത്തില്‍
  • പശുവിന്‍ നെയ്യ് 2 ടേബിള്‍സ്പൂണ്‍
  • കറിവേപ്പില ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാന്‍ ചൂടാക്കി അര ടീസ്പൂണ്‍ പെരുംജീരകം, അര ടീസ്പൂണ്‍ ചെറിയ ജീരകം, 8 വറ്റല്‍മുളക്, അര ടീസ്പൂണ്‍ കുരുമുളക്, ഒരു ചെറിയ കഷ്ണം പട്ട, രണ്ട് ഗ്രാമ്പു എന്നിവ ചൂടാക്കിയെടുക്കുക. ഇതൊന്നു ചൂടാറിയതിനു ശേഷം ഒരു മിക്‌സിയുടെ ജാറില്‍ ഇട്ട്, ഇഞ്ചി, വെളുത്തുള്ളി, കാല്‍ കപ്പ് വെള്ളം, ഒരു ചെറിയ നെല്ലിക്കാ വലിപ്പത്തിലുള്ള പുളി വെള്ളത്തില്‍ കലക്കിയതും ചേര്‍ത്ത് നല്ല പേസ്റ്റ് പോലെ അടിച്ചെടുക്കാം. ഈ മസാല പേസ്റ്റ് എടുത്തു വച്ചിരിക്കുന്ന ചിക്കനിലേക്ക് നന്നായി തേച്ചുപിടിപ്പിക്കുക.

അതിലേക്ക് മൂന്ന് ടേബിള്‍സ്പൂണ്‍ പുളിപ്പില്ലാത്ത തൈര്, അര ടീസ്പൂണ്‍ ചെറുനാരങ്ങാനീരും ആവശ്യത്തിനുള്ള ഉപ്പും അര ടീസ്പൂണ്‍ ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് കൂടി ചേര്‍ത്ത് നല്ലവണ്ണം മിക്‌സ് ചെയ്ത് അരമണിക്കൂറോളം ഫ്രിഡ്ജില്‍ വയ്ക്കാം. ഒരു പാനിലേക്ക് രണ്ട് അല്ലെങ്കില്‍ മൂന്ന് ടേബിള്‍സ്പൂണ്‍ പശുവിന്‍ നെയ്യ് ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ഒരു സവാള വളരെ ചെറിയതായി അറിഞ്ഞതിനുശേഷം നന്നായി വഴറ്റി എടുക്കുക. സവാള വഴന്നു വരുന്ന സമയം കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും രണ്ടു നുള്ള് ഉലുവാപ്പൊടിയും ഇട്ട് നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് ചിക്കന്‍ ചേര്‍ക്കാം.

സവാളയുമായി നന്നായി യോജിപ്പിച്ചെടുക്കുക. കുറച്ചു കറിവേപ്പിലയും ചേര്‍ക്കുക. മീഡിയം തീയില്‍ 10 മിനിറ്റ് ചിക്കന്‍ വേവിച്ചെടുക്കാം. ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും ഒരു ടീസ്പൂണ്‍ ശര്‍ക്കര പൊടിച്ചതും ഇട്ടുകൊടുക്കുക, നന്നായി യോജിപ്പിച്ച് രണ്ടു മിനിറ്റു കൂടി വേവിക്കുക. ചിക്കന്‍ ഗീ റോസ്റ്റ് റെഡി.