ചപ്പാത്തി, പുട്ട്, ചോറ് എന്നിവയുടെ കൂടെ കഴിക്കാന്‍ ഒരു കിടിലന്‍ ചെറുപയര്‍ കറി തയ്യാറാക്കിയാലോ? തേങ്ങാ ചേർക്കാതെ തയ്യാറാക്കിയ ഒരു കിടിലൻ ചെറുപയർ കറി.
ആവശ്യമായ ചേരുവകള്‍
- ചെറുപയര്‍ – 1 കപ്പ്
- ചെറിയ ഉള്ളി – 10 എണ്ണം
- പച്ചമുളക് – 4 എണ്ണം
- വെളുത്തുള്ളി – 1 അല്ലി
- കടുക് – 1/2 ടീസ്പൂണ്‍
- ജീരകം – 1/4 ടീസ്പൂണ്‍
- മുഴുവന്‍ മല്ലി ചതച്ചത് – 1 1/2 ടേബിള്‍ സ്പൂണ്‍
- വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
- കറിവേപ്പില – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പാന്‍ ചൂടാവാന്‍ വച്ചിട്ട് ചെറുപയര്‍ അതിലേക്കു ഇട്ടു മീഡിയം തീയില്‍ വറക്കുക. ചെറുതായിട്ട് ഒന്ന് കളര്‍ മാറുന്നതു വരെ വറുത്താല്‍ മതി. ഒരു പ്രഷര്‍ കുക്കറില്‍ 2 1/2 കപ്പ് വെള്ളം എടുക്കുക. അതിലേക്കു 1/2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ എന്നിവ ഒഴിക്കാം. വറത്തു വച്ച ചെറുപയര്‍ നന്നായി കഴുകിയ ശേഷം പ്രഷര്‍ കുക്കറില്‍ ഇടുക. അടച്ചു വച്ച് 7 8 വിസില്‍ വരെ വേവിക്കുക.
നന്നായി ഉടഞ്ഞ പോലെ വേവിച്ചെടുക്കണം. വെള്ളം കൂടുതലാണെന്നു തോന്നുന്നു എങ്കില്‍ ഒന്ന് വറ്റിച്ചെടുക്കാം. ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്കു ജീരകം ചേര്‍ത്ത് പച്ചമുളക് കൂടി ചേര്‍ത്തിളക്കുക. അതിലേക്കു വെളുത്തുള്ളി അരിഞ്ഞത് ഇട്ട് മൂപ്പിച്ച ശേഷം അരിഞ്ഞു വച്ച ചെറിയ ഉള്ളിയും ഒരു നുള്ള് ഉപ്പ്, കറിവേപ്പില എന്നിവയും ചേര്‍ത്ത് വഴറ്റുക. ചതച്ച മല്ലിയും ചേര്‍ത്ത് പച്ച രുചി പോകുന്നതു വരെ ഏകദേശം 2 മിനിറ്റ് വഴറ്റുക. കറിയിലേക്ക് ചേര്‍ത്ത് 2 മിനിറ്റ് നന്നായി തിളപ്പിച്ച് തീ അണയ്ക്കുക.