ഇ പി ജയരാജൻ്റെ ആത്മകഥ വിവാദത്തിൽ ഡി സി ബുക്സിൻ്റെ പ്രസിദ്ധീകരണ വിഭാഗം മേധാവി എ വി ശ്രീകുമാറിൻ്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് റിപ്പോർട്ട് നൽകാനൊരുങ്ങി പൊലീസ്. എ വി ശ്രീകുമാറിനെ അറസ്റ്റ് ചെയ്യണമെന്നും, കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും ഇവർ കോടതിയെ അറിയിക്കും. കേസ് എടുത്തതിനെത്തുടർന്ന് ശ്രീകുമാർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ഇതിൽ നിലപാടറിയിക്കാൻ കോടതി പൊലീസിനോട് നിർദേശിച്ചിട്ടുണ്ടായിരുന്നു. കേസിൽ അന്വേഷണം നടക്കുന്നത് കോട്ടയം ഈസ്റ്റ് പൊലീസിൻ്റെ നേതൃത്വത്തിലാണ്.
ഉപതെരഞ്ഞെടുപ്പ് ദിനത്തിൽ പുറത്തുവന്ന ആത്മകഥാ വിവാദം സിപിഎമ്മിനെയും സർക്കാറിനെയും വെട്ടിലാക്കിയിരുന്നു. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിലെ പ്രയാസം പാർട്ടി മനസ്സിലാക്കിയില്ലെന്നാണ് പുറത്ത് വന്ന ആത്മകഥയുടെ ഭാഗങ്ങളിലെ വിമർശനം. രണ്ടാം പിണറായി സർക്കാർ ദുർബ്ബലമാണെന്നാണ് അടുത്ത വിമർശനം. പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി പി സരിൻ വയ്യാവേലിയാകുമെന്നും പരാമർശമുണ്ടായിരുന്നു. പുറത്ത് വന്ന ആത്മകഥയിലെ ഭാഗങ്ങൾ തൻ്റേതല്ലെന്നായിരുന്നു ജയരാജന്‍റെ പ്രതികരണം. ആത്മകഥാ ഭാഗം പോളിംഗ് ദിനത്തിൽ തന്നെ പുറത്ത് വന്നത് തന്നെ കുടുക്കാനാണോ എന്നും ഇ പി ജയരാജൻ സംശയമുന്നയിച്ചിരുന്നു.