Tech

എല്ലാം ഒളിഞ്ഞ് കേട്ട് ‘സിരി’; 815 കോടി നൽകി തലയൂരാൻ ആപ്പിൾ; ഉപയോക്താക്കൾക്ക് നഷ്ടപരിഹാരം കിട്ടും ? | apple agrees to 95 million siri privacy settlement

വർഷങ്ങളായി ഇത്തരത്തിൽ ഉപഭോക്താക്കളുടെ വിവരങ്ങൾ ആപ്പിൾ ചോർത്തുന്നുണ്ടെന്നാണ് ആരോപണം

ആപ്പിളിന്റെ വെര്‍ച്വല്‍ അസിസ്റ്റന്റ് ആയ സിരി ഉപയോഗിച്ച് ഉപയോക്താക്കളുടെ സംഭാഷണം രഹസ്യമായി ചോര്‍ത്തി എന്ന കേസില്‍പിഴയൊടുക്കി തലയൂരാൻ ആപ്പിൾ. 95 മില്ല്യൺ ഡോളർ നൽകിയാണ് ഒത്തുതീർപ്പിന് ഒരുങ്ങുന്നത്. ഇന്ത്യൻ രൂപ ഏകദേശം 815 കോടിയോളം രൂപയാണിത്.

കാലിഫോർണിയയിലെ ഓക്ക്ലാൻഡിലെ ഫെഡറൽ കോടതിയിലാണ് ഇതുസംബന്ധിച്ച് കേസ് നടക്കുന്നത്. ഒത്തുതീർപ്പിന് തയ്യാറാണെന്ന് ആപ്പിൾ കോടതിയെ അറിയിച്ചു. ഉപഭോക്താക്കളുടെ സമ്മതമില്ലാതെ സിരി സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുകയും ഇവ പരസ്യദാതാക്കൾക്ക് നൽകിയെന്നുമായിരുന്നു ആപ്പിളിനെതിരായ കേസ്.

വർഷങ്ങളായി ഇത്തരത്തിൽ ഉപഭോക്താക്കളുടെ വിവരങ്ങൾ ആപ്പിൾ ചോർത്തുന്നുണ്ടെന്നാണ് ആരോപണം. അഞ്ച് വർഷത്തോളമായി നീണ്ടു നിൽക്കുന്ന കേസിൽ ആരോപണങ്ങൾ ആപ്പിൾ നിഷേധിച്ചിരുന്നു. ഉപഭോക്താക്കൾ ‘ഹേയ് സിരി’ എന്ന് പറഞ്ഞാൽ മാത്രമാണ് സിരി പ്രവർത്തനക്ഷമം ആവുകയുള്ളുവെന്നാണ് ആപ്പിളിന്റെ അവകാശവാദം.

എന്നാൽ സിരി ഇത്തരത്തിൽ ആക്ടിവേറ്റ് ആക്കാതെ തന്നെ ഉപഭോക്താക്കളുടെ സ്വകാര്യ സംഭാഷണങ്ങൾക്കിടയിൽ പറയുന്ന വിവരങ്ങൾ റെക്കോർഡ് ചെയ്ത് പരസ്യദാതാക്കൾക്ക് നൽകുകയും പിന്നീട് ഈ പരസ്യങ്ങൾ ആപ്പിൾ ഉപകരണങ്ങളിലെ സോഷ്യൽ മീഡിയയിലും മാറ്റും ഉപഭോക്താക്കളെ കാണിക്കുന്നെന്നും പരാതികൾ ഉയർന്നിരുന്നു.

ഒത്തുതീർപ്പിനായി നൽകുന്ന തുക 2014 സെപ്തംബർ, 17 മുതൽ 2024 ഡിസംബർ 31 വരെ സിരി ഉപയോഗിച്ച ഉപഭോക്താക്കൾക്ക് വീതിച്ച് നൽകാനാണ് കോടതി തീരുമാനം. എന്നാൽ അമേരിക്കയ്ക്ക് പുറത്തുള്ള ഉപഭോക്താക്കൾക്ക് ഇത് ബാധകമല്ല.

അമേരിക്കയിലെ സിരി ഉപഭോക്താക്കൾക്ക് 20 ഡോളർ വീതമാണ് നൽകുക. അഞ്ച് ഉപകരണങ്ങൾ വരെ ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരത്തിനായി രജിസ്റ്റർ ചെയ്യാനും 100 ഡോളർ വരെ ഇതിലൂടെ നഷ്ടപരിഹാരമായി നേടാനും അമേരിക്കയിലെ ആപ്പിൾ ഉപഭോക്താക്കൾക്ക് സാധിക്കും. ഇന്ത്യൻ രൂപ ഏകദേശം 8600 രൂപയാണിത്.

ഒത്തുതീർപ്പ് തുകയിൽ നിന്ന് 28.5 മില്യൺ ഡോളർ അഭിഭാഷകരുടെ ഫീസ് ആയും 1.1 മില്ല്യൺ ഡോളർ കോടതി ചിലവുകൾക്കായും വാങ്ങും. ശേഷിക്കുന്ന തുകയാണ് ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരമായി വീതിച്ച് നൽകുക.

ആപ്പിളിന്റെ 9 മണിക്കൂർ നേരത്തെ ലാഭം മാത്രമാണ് നിലവിൽ നഷ്ടപരിഹാരമായി നൽകുന്ന 95 മില്ല്യൺ ഡോളർ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 93.74 ബില്ലൺ ഡോളറായിരുന്നു ലാഭം. 2014 മുതൽ 2024 വരെ 705 ബില്ല്യൺ ഡോളറാണ് ആപ്പിളിന്റെ ലാഭം. അതേസമയം ഗൂഗിളിനെതിരെയും സമാനമായ കേസ് നിലവിലുണ്ട്.