Health

വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കിൽ നിങ്ങൾക്കിതാ കിടിലൻ ടിപ്സ്…| lose-weight-by-diet

ഒരു മാസം കൊണ്ട് മൂന്ന് കിലോയിൽ കൂടുതൽ ശരീരഭാരം കുറയ്ക്കരുത്

പെട്ടെന്ന് ഭാരം കുറയ്ക്കാനുള്ള എളുപ്പ വഴികളിൽ ഒന്നാണ്  ക്രാഷ് ഡയറ്റ്.  കുറച്ച് ദിവസത്തേക്ക് ഭക്ഷണം കുറച്ച് കഴിക്കുന്നതാണ് ഇതിലൂടെ ചെയ്യുന്നത്. എന്നാൽ ഇത് നിർത്തുന്നതോടെ പോയ ഭാരം മുഴുവനുമോ അതിന്റെ ഇരട്ടിയോ തിരിച്ച് വരികയും ചെയ്യും. ഇതാണ് ഈ ഡയറ്റിന്റെ ഏറ്റവും വലിയ പോരായ്മ. ക്രാഷ് ഡയറ്റുകൾ ദീർഘകാലം തുടർന്ന് കൊണ്ടുപോകരുത്. അത് പോഷകക്കുറവിന് കാരണമാകും. ഒരു മാസം കൊണ്ട് മൂന്ന് കിലോയിൽ കൂടുതൽ ശരീരഭാരം കുറയ്ക്കരുത്.

നമുക്ക് ഏറ്റവും ഉചിതമായ ഡയറ്റ് കണ്ടെത്താൻ ഒരു ഡയറ്റിഷനെ സമീപിക്കുക. ഒരു അംഗീകൃത ഡയറ്റിഷൻ ഒരിക്കലും ക്രാഷ് ഡയറ്റുകളും പൊടിക്കൈകളും നിർദേശിക്കുകയില്ല. ഉപദേശങ്ങൾ സ്വീകരിക്കുമ്പോൾ അത് നൽകുന്നയാൾക്ക് ആ മേഖലയിൽ ആധികാരികമായ അറിവുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.

ശരീരഭാരം കുറയ്ക്കാനും പേശികൾ ശക്തിപ്പെടുത്താനും ആരോഗ്യകരമായ ജീവിതശൈലി നിലനിർത്താനും സഹായിക്കുന്ന മികച്ച രീതിയിലുള്ള ഭക്ഷണങ്ങളുടെ തെരഞ്ഞെടുപ്പാണ് ഡയറ്റ് പ്ലാനിൽ നടക്കുന്നത്. ഡയറ്റിൽ ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന ന്യൂട്രിയൻറുകളാണ് നിങ്ങളുടെ ഡയറ്റിന്റെ ഫലം കണക്കാക്കുന്നത്. ഉദാഹരണത്തിന്, പ്രോട്ടീൻ, കാർബണുകൾ, കൊഴുപ്പുകൾ എന്നിവ. കൃത്യമായി നിങ്ങളുടെ കലോറി നിങ്ങളുടെ ലക്ഷ്യത്തിനകത്തു തന്നെയാണെന്ന് ഉറപ്പു വരുത്തി വേണം ഡയറ്റ് പിന്തുടരേണ്ടത്. ഏത് അനുപാതത്തിൽ എന്ത് കഴിക്കണമെന്ന് ഡയറ്റ് പ്ലാൻ നിങ്ങൾക്ക് പറഞ്ഞുതരും.

ടിപ്സിലേക്ക്…

ഒന്ന്…

കഴിക്കുന്ന ഭക്ഷണത്തിലെ കലോറിയുടെ കാര്യത്തില്‍ ശ്രദ്ധ വേണം. നിങ്ങള്‍ വര്‍ക്കൗട്ടിലൂടെയോ വ്യായാമത്തിലൂടെയോ എരിച്ചുകളയുന്ന കലോറിയെക്കാള്‍ കുറവായിരിക്കണം നിങ്ങള്‍ കഴിക്കേണ്ടത്. ഇതിന് അനുസരിച്ച് കലോറി കുറഞ്ഞ വിഭവങ്ങള്‍ തെരഞ്ഞെടുത്ത് ഡയറ്റ് പ്ലാൻ ചെയ്യുക. അതേസമയം കലോറി തീരെ കുറയ്ക്കുകയും അരുത്. ഇത് ആരോഗ്യത്തെ ബാധിക്കാം.

രണ്ട്…

നമ്മള്‍ കഴിക്കുന്ന ഭക്ഷണം ബാലൻസ്ഡ് ആയിരിക്കണം. അതായത് കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫാറ്റ് എന്നിങ്ങനെ എല്ലാ ഘടകങ്ങളും ലഭിച്ചിരിക്കണം. ആവശ്യമായ പോഷകങ്ങളെല്ലാം നമുക്ക് ഭക്ഷണത്തിലൂടെ കിട്ടണം. ഇക്കാര്യത്തില്‍ ശ്രദ്ധ നിര്‍ബന്ധമായും നല്‍കുക.

പച്ചക്കറികള്‍, പഴങ്ങള്‍, പൊടിക്കാത്ത ധാന്യങ്ങള്‍, ലീൻ പ്രോട്ടീൻ, ഹെല്‍ത്തി ഫാറ്റ് എന്നിവയെല്ലാം ഡയറ്റിലുള്‍പ്പെടുത്തുക. അപ്പോള്‍ തന്നെ ഭക്ഷണം ഏറെക്കുറെ ബാലൻസ്ഡ് ആകും.

മൂന്ന്…

എന്ത് ഭക്ഷണം കഴിക്കുമ്പോഴും അതിന്‍റെ അളവ് നിയന്ത്രിക്കണം. ഇത് ഡയറ്റിലേക്ക് പോകുമ്പോള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യമാണ്. പ്രിയപ്പെട്ട വിഭവമാണ്, അല്ലെങ്കില്‍ ആരോഗ്യകരമായ വിഭവമാണ്, രുചിയുണ്ട് എന്നുള്ള കാരണങ്ങള്‍ കൊണ്ടൊന്നും അളവില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കുക.

അതുപോലെ നമ്മള്‍ സാധാരണഗതിയില്‍ കഴിക്കുന്നത് പോലെ നാലുനേരം എന്നുള്ളത് മാറ്റി ആറ് നേരവും ഏഴ് നേരവുമെല്ലാം ആക്കാവുന്നതാണ്. അളവ് നിയന്ത്രിക്കുമ്പോള്‍ ഇടയ്ക്കിടെ വിശപ്പനുഭവപ്പെടാം. ഇതിന് ശമനമാകാനും ഈ രീതി സഹായിക്കും. എന്നാല്‍ ആരോഗ്യകരമായ സ്നാക്സ് വിഭവങ്ങള്‍ മാത്രമേ ഈ സമയത്തും കഴിക്കാവൂ. അപ്പോള്‍ അളവിന്‍റെ കാര്യം മറക്കല്ലേ….

നാല്…

ഭക്ഷണത്തിന് പ്രാധാന്യം നല്‍കുന്നതിനൊപ്പം തന്നെ കുടിക്കുന്ന വെള്ളത്തിനും പ്രാധാന്യം നല്‍കുക. നല്ലതുപോലെ വെള്ളം കുടിക്കണം. ഇത് ദഹനം കൂട്ടാനും, അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനുമെല്ലാം സഹായിക്കും.

അഞ്ച്…

മൈൻഡ്ഫുള്‍ ഈറ്റിംഗ് എന്ന് നിങ്ങളില്‍ പലരും കേട്ടിരിക്കാം. ഇത് ഡയറ്റില്‍ പോകുമ്പോള്‍ പ്രാക്ടീസ് ചെയ്യാവുന്നൊരു കാര്യമാണ്. അതായത് മനസറിഞ്ഞ് കഴിക്കുക. കഴിക്കുന്ന ഭക്ഷണം എന്തോ, അതിലേക്ക് ശ്രദ്ധ നല്‍കി, അല്‍പാല്‍പമായി എടുത്ത് പതിയെ ചവച്ചരച്ച് കഴിക്കുക. ഇത് ദഹനം കൂട്ടാനും, അമിതമായി കഴിക്കുന്നത് തടയാനും, കഴിക്കുന്നത് ശരീരത്തില്‍ പിടിക്കാനും, എളുപ്പം സംതൃപ്തി തോന്നാനുമെല്ലാം സഹായിക്കും.

ആറ്…

ഡയറ്റിലാകുമ്പോഴും ചില ഭക്ഷണങ്ങള്‍ നമ്മെ കൊതിപ്പിക്കാം. എന്നാലിത്തരത്തില്‍ പ്രോസസ്ഡ് ഭക്ഷണങ്ങളോടോ പാക്കറ്റ് വിഭവങ്ങളോടോ കൊതി തോന്നുന്നതും ഇടയ്ക്കിടെ ഡയറ്റ് മുറിക്കുന്നതും നിങ്ങളുടെ എല്ലാ പരിശ്രമങ്ങള്‍ക്കും തിരിച്ചടിയാകുമെന്ന് മനസിലാക്കുക.

ഏഴ്…

ഡയറ്റിലൂടെ മാത്രം വണ്ണം കുറയ്ക്കാമെന്ന് എല്ലാവരും ചിന്തിക്കരുത്. ചെറുതായി വണ്ണം കുറയ്ക്കാനെല്ലാം ഡയറ്റ് പാലിച്ചാല്‍ മതി. എന്നാല്‍ കാര്യമായി വണ്ണം കുറയ്ക്കണമെങ്കില്‍ ഡയറ്റിനൊപ്പം നിര്‍ബന്ധമായും വ്യായാമം കൊണ്ടുപോകണം. ഡയറ്റിലാകുമ്പോള്‍ ആദ്യമേ നിങ്ങള്‍ ചെയ്യേണ്ടത്, വണ്ണം കുറഞ്ഞോ വണ്ണം കുറഞ്ഞോ എന്ന് ദിവസവും പരിശോധിക്കുന്ന ആ ഉത്കണ്ഠ ഉപേക്ഷിക്കലാണ്. ക്ഷമയോടെ സന്തോഷത്തോടെ ഡയറ്റും വ്യായാമവുമായി മുന്നോട്ടുപോവുക. എങ്കിലേ ഫലപ്രദമായ രീതിയിലും ഭംഗിയായും നിങ്ങള്‍ക്ക് ശരീരഭാരം കുറയ്ക്കാൻ സാധിക്കൂ.

content highlight: lose-weight-by-diet