സിപിഎം എന്തിനാണ് ക്ഷേത്രങ്ങളിലെ കാര്യം അന്വേഷിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം അമ്പലങ്ങളിൽ ഷർട്ട് ഇട്ടിട്ട് പോകുന്നതാണോയെന്നും അദ്ദേഹം ചോദിച്ചു. മുസ്ലിം സഹോദരിമാരുടെ വേഷം എന്താണെന്ന് നോക്കണം. വലിയ വില കൊടുത്ത് വാങ്ങുന്ന വസ്ത്രങ്ങൾക്ക് മുകളിൽ കറുത്ത വസ്ത്രം അണിയുന്നത് എന്തിനാണ്. പിണറായി വിജയൻ മുസ്ലിം ദേവാലയങ്ങളിൽ സ്ത്രീകളെ പ്രാർത്ഥിക്കാൻ അനുവദിക്കാൻ വാദിക്കട്ടെ. മുസ്ലിം പള്ളികളിൽ സ്ത്രീകള്‍ക്ക് പ്രാർത്ഥനക്ക് പ്രവേശനം നൽകണമെന്ന് പറയാൻ പിണറായി വിജയന് ധൈര്യമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു
അമ്പലങ്ങളില്‍ കയറുന്നവരുടെ കുപ്പായം ഇടീപ്പിക്കാനും ഊരാനും നടക്കുന്ന പിണറായി വിജയന് വേറെ പണി ഇല്ലേയെന്നും സുരേന്ദ്രന്‍ ചോദിച്ചു. അക്കാര്യം വിശ്വാസികൾ തീരുമാനിക്കും. അതിനെ ചോദ്യം ചെയ്യാൻ ഒരു നാസ്തികനും ഉത്തരവാദിത്വമില്ല. കേരളം ബഹുസ്വര സമൂഹമാണ്. ഒരു കൂട്ടരെ എല്ലാ കാലത്തും പഠിപ്പിക്കാൻ മുതിരുന്ന നിലപാട് ശരിയല്ല. ഇത്തരത്തിലുള്ള തട്ടിപ്പ് ഒന്നും കേരളത്തിൽ വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റേതെങ്കിലും വിശ്വാസത്തെ അപമാനിക്കാനുള്ള ധൈര്യം സിപിഎമ്മിനോ ഗോവിന്ദനോ പിണറായി വിജയനോ ഉണ്ടോ. എം വി ഗോവിന്ദന്റെ സനാതന ധർമ്മത്തെ കുറിച്ചുള്ള പ്രസ്താവന ബാലിശമാണ്. ഹിന്ദുക്കളെ അപമാനിക്കുന്ന പ്രസ്താവനയാണ്. ഗോവിന്ദനെതിരെ കേസ് എടുത്ത് നടപടി സ്വീകരിക്കണം. ഒരു വിശ്വാസത്തിന് നേരെ മാത്രമാണ് എപ്പോഴും ഇങ്ങനെ നടക്കുന്നത്. പ്രസ്താവന തിരുത്തണമെന്നും തിരിച്ചെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു