വിമന്‍സ് അണ്ടര്‍ 19 ഏകദിന ക്രിക്കറ്റില്‍ കേരളത്തിന് ഹിമാചല്‍പ്രദേശിനോട് തോല്‍വി. 54 റണ്‍സിനാണ് ഹിമാചല്‍പ്രദേശ് കേരളത്തെ തോല്‍പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഹിമാചല്‍പ്രദേശ് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് മാത്രമാണ് എടുക്കാനായത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹിമാചല്‍പ്രദേശിന് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ അനാഹിതയുടെ വിക്കറ്റ് നഷ്ടമായി. എന്നാല്‍ ക്യാപ്റ്റന്‍ ദേവന്‍ഷി വര്‍മ്മയുടെ ഇന്നിങ്‌സ് അവര്‍ക്ക് ഭേദപ്പെട്ട തുടക്കം നല്‍കി. 44 റണ്‍സെടുത്ത ദേവന്‍ഷി പുറത്തായപ്പോള്‍ ഒത്തു ചേര്‍ന്ന അഹാന ശര്‍മ്മയുടെ ധന്യ ലക്ഷ്മിയുടെയും കൂട്ടുകെട്ടാണ് ഹിമാചലിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 116 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അഹാന 76ഉം ധന്യ ലക്ഷ്മി 75ഉം റണ്‍സെടുത്തു.കേരളത്തിന് വേണ്ടി ഇസബെല്‍, അനുഷ്‌ക എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരള ബാറ്റിങ് നിരയില്‍ 88 റണ്‍സെടുത്ത ഓപ്പണര്‍ ശ്രേയ സിജു മാത്രമാണ് മികച്ച പ്രകടനം കാഴ്ച വച്ചത്. ഉര്‍വ്വശി 21ഉം നിയ നസ്‌നീന്‍ 24ഉം റണ്‍സെടുത്തു. മധ്യനിര പൂര്‍ണ്ണമായി തകര്‍ന്നടിഞ്ഞത് കേരളത്തിന് തിരിച്ചടിയായി. കേരളത്തിന്റെ മറുപടി 50 ഓവറില്‍ ഏഴ് വിക്കറ്റിന് 199 റണ്‍സിന് അവസാനിച്ചു. മൂന്ന് വിക്കറ്റെടുത്ത ഇമാനി നേഗിയാണ് ഹിമാചല്‍പ്രദേശ് ബൌളിങ്ങില്‍ തിളങ്ങിയത്.