Wayanad

വയനാട് പുനരധിവാസം; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോ​ഗം ചേർന്നു, സ്പോൺസർഷിപ്പിന് വെബ് പോർട്ടൽ | wayanad rehabilitation

ഓരോ സ്പോൺസർക്കും സവിശേഷമായ സ്പോൺസർ ഐഡി നൽകും

വയനാട് : മേപ്പാടി ​ഗ്രാമപഞ്ചായത്തിലെ ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമറ്റം വാർഡുകളിലെ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോ​ഗം ചേർന്നു. 100ല്‍ താഴെ വീടുകൾ സ്പോൺസർ ചെയ്തവരുടെ യോ​ഗമാണ് ചേർന്നത്.

സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾക്കൊള്ളിച്ച് വെബ്പോർട്ടൽ തയ്യാറാക്കുമെന്നും നിലവിലുള്ള സ്പോൺസർമാരുടെ വിവരങ്ങളും ഭാവി സ്പോൺസർമാർക്കുള്ള ഓപ്ഷനുകളും അതിൽ ലഭ്യമാക്കുമെന്നും യോഗത്തിൽ തീരുമാനമായി. ഓരോ സ്പോൺസർക്കും സവിശേഷമായ സ്പോൺസർ ഐഡി നൽകും. ഓൺലൈൻ പെയ്മെൻറ് ഓപ്ഷനും ഉണ്ടാകും. സ്പോൺസർമാർക്ക് സർട്ടിഫിക്കറ്റും മറ്റ് അംഗീകാരങ്ങളും നൽകും. സ്പോൺസർഷിപ്പ് മാനേജ്മെൻറിനായി പ്രത്യേക യൂണിറ്റ് ഉണ്ടാകും. ഇതിനുവേണ്ടി ഒരു സ്പെഷ്യല്‍ ഓഫീസറെ നിയമിക്കും. ജില്ലാ ദുരന്തനിവാരണ അതോറിറ്റി പിഐയുന്‍റെ പ്രവർത്തനം അവലോകനം ചെയ്യും. മുഖ്യമന്ത്രിതലത്തിലും സെക്രട്ടറിതലത്തിലും ഉള്ള അവലോകനവും ഉണ്ടാകും. ഡിഡിഎംഎ, സ്പോൺസർ, കോൺട്രാക്ടർ എന്നിവർ തമ്മിലുള്ള ത്രികക്ഷി കരാർ ഉണ്ടാകും. കരാറിന്‍റെ നിർവഹണം പിഐയു ഏകോപിപ്പിക്കും. നിർമ്മാണ പ്രക്രിയകളുടെ ഉപാധികളും നിബന്ധനകളും സമയക്രമങ്ങളും പാലിക്കുന്നു എന്ന് ഉറപ്പാക്കുമെന്നും തീരുമാനിച്ചു.

വീട് നിർമാണവുമായി ബന്ധപ്പെട്ട ചെലവുകൾ വിലയിരുത്തി  പരമാവധി സഹായം നൽകുമെന്ന് സ്പോൺസർമാർ അറിയിച്ചു. ഒരുമിച്ച് ഒറ്റക്കെട്ടായി നീങ്ങി പുനരധിവാസം പൂർത്തിയാക്കുമെന്നും അതിനുള്ള പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ ​എം എബ്രഹാം, റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ലാന്‍റ് റവന്യു ജോയിന്‍റ് കമ്മീഷണര്‍ എ ഗീത, മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി എസ് കാർത്തികേയൻ തുടങ്ങിയവരും പങ്കെടുത്തു.

 

content highlight :wayanad-rehabilitation-sponsors-meet-donated-less-than-100-houses