തൃശൂർ: തൃശൂർ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ നിന്ന് ഭരണപക്ഷത്തെ അംഗങ്ങൾ വിട്ടുനിന്നു. ഇന്ന് നടന്ന കൗൺസിൽ യോഗത്തിലാണ് അസാധാരണ നടപടി ഉണ്ടായത്. ഭരണപക്ഷമായ എൽഡിഎഫിലെ 18 അംഗങ്ങളാണ് ഇന്നത്തെ കൗൺസിൽ യോഗം ബഹിഷ്കരിച്ചത്. നാളുകളായി തൃശൂർ കോർപ്പറേഷനിലെ ഭരണപക്ഷത്തു നടക്കുന്ന പടല പിണക്കങ്ങളുടെ ബാക്കിയാണ് ഇന്നത്തെ ബഹിഷ്കരണം. മേയറുടെ ഏകപക്ഷീയമായ പല തീരുമാനങ്ങളിലും ഭരണപക്ഷത്തിന് കടുത്ത എതിർപ്പുണ്ട്.
2025 ലെ ആദ്യ കൗൺസിൽ യോഗമായിരുന്നു ഇന്ന്. എന്നാൽ ഈ യോഗത്തിൽ നിന്നും എൽഡിഎഫിലെ 18 കൗൺലിർമാർ വിട്ടു നിന്നു. വർഗീസ് കണ്ടംകുളത്തി ഒഴികെ എൽഡിഎഫിലെ മുഴുവൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരും ഇന്നത്തെ കൗൺസിൽ യോഗം ബഹിഷ്കരിച്ചു. എന്നാൽ കോൺഗ്രസിലെ 22 കൗൺസിലർമാരും ബിജെപിയിലെ 6 കൗൺസിലർമാരും അടക്കം പ്രതിപക്ഷത്തെ 28 കൗൺസിലർമാരും കൗൺസിലിൽ മുഴുവൻ സമയവും പങ്കെടുത്തു.
എൽഡിഎഫ് ഭരണത്തിലെ തമ്മിൽ തല്ലും കൂട്ട് ഉത്തരവാദിത്വ കുറവും കെടുകാര്യസ്ഥതയും തകർച്ചയുമാണ് എൽഡിഎഫ് കൗൺസിലർമാരുടെ കൂട്ട ബഹിഷ്കരണത്തിലൂടെ തെളിയിക്കപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് രാജൻ ജെ പല്ലൻ ആരോപിച്ചു. പുകവലിക്കുന്നത് ഗൗരവമായി കാണേണ്ടതില്ലെന്ന പ്രസ്താവന നടത്തിയ കേരള സാംസ്കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ മലയാളികളോട് പ്രത്യേകിച്ച് കൗമാരക്കാരോടും വിദ്യാർത്ഥികളോടും മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാജൻ ജെ പല്ലൻ ഇന്നത്തെ കൗൺസിൽ യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു.
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമാണ് തൃശൂർ എന്നതിനാൽ തൃശൂർ കോർപ്പറേഷൻ തന്നെ സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ തെറ്റായ പ്രസ്താവനകൾക്ക് പ്രമേയത്തിലൂടെ തക്ക മറുപടി നൽകണമെന്ന് രാജൻ ജെ പല്ലൻ ആവശ്യപ്പെട്ടു. വളർന്നു വരുന്ന യുവതലമുറയ്ക്ക് നല്ല സന്ദേശം കൊടുക്കേണ്ടവർ തന്നെ ഒരു എംഎൽഎയുടെ പിന്തുണയ്ക്കു വേണ്ടി മാത്രം മലയാളികളുടെ സംസ്കാരത്തെ കശാപ്പ് ചെയ്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രമേയം മേയർ അംഗീകരിച്ചില്ല.
content highlight :unusual-move-18-ruling-party-members-not-attended-thrissur-corporation-council-meeting