Travel

ഉല്ലാസപറവകള്‍ക്ക് ചേക്കേറാം; നഗരത്തിന്‍റെ ആഡംബര പ്രഭയില്‍ അമ്പി വാലി | ambi-valley-in-the-luxurious-glow-of-the-city

ഇന്ന് ഒഴിവുകാലം ആഘോഷിക്കാന്‍ സുന്ദരമായ ഒരിടം കൂടി നമുക്ക് കിട്ടി

കുറച്ചൊക്കെ ആഡംബരവും ആഘോഷവുമൊന്നുമില്ലെങ്കില്‍ പിന്നെന്തു ജീവിതം. മാറുന്ന ലോകത്തെ വിസ്മയ കാഴ്ചകള്‍ ആസ്വദിക്കുവാനും കുറച്ചു സമയം ചെലവിടാനും പറ്റിയ ഒരിടം തേടി ഇനി അലയേണ്ട. നിങ്ങളുടെ സ്വപ്നങ്ങള്‍ക്ക് വര്‍ണപ്പകിട്ടേകാന്‍ നഗരത്തിന്റെ പുതു പുത്തന്‍ മായിക കാഴ്ചകളുമായി അമ്പി വാലി നിങ്ങളെ വരവേല്‍ക്കുന്നു. സഹാറ ഗ്രൂപ്പിന്റെ തലയിലുദിച്ച ഒരാശയമാണ് ഇന്ന് നമ്മള്‍ കാണുന്ന അമ്പി വാലിക്ക് പിന്നിലുള്ളത്. തുടക്ക കാലത്തില്‍ ഇവിടെ ഇങ്ങനെയൊരു സിറ്റിയുടെ സാദ്ധ്യതകള്‍ പലകുറി ചോദ്യം ചെയ്യപ്പെട്ടെങ്കില്‍ കൂടിയും ഇതു യാഥാര്‍ത്ഥ്യമാക്കുന്നത്തില്‍ ഒടുവിലവര്‍ വിജയം കണ്ടെത്തി. അത് കൊണ്ടെന്താ. ഇന്ന് ഒഴിവുകാലം ആഘോഷിക്കാന്‍ സുന്ദരമായ ഒരിടം കൂടി നമുക്ക് കിട്ടി.

10000 ഏക്കറോളം വിശാലമായി പരന്നു കിടക്കുന്നു ഈ നഗരം. തൊട്ടടുത്ത ലോനവാലയില്‍ നിന്നും അര മണിക്കൂര്‍ കൊണ്ട് ഇവിടെ എത്താം. കുറച്ചു ആര്‍ഭാടം നിറഞ്ഞത്‌ തന്നെയാണ് ഇവിടുത്തെ എല്ലാ സൌകര്യങ്ങളും. അതുകൊണ്ട് തന്നെ ഇവിടുത്തെ വിസ്മയക്കാഴ്ച്ചകള്‍ക്ക് ചിലവല്‍പ്പം കൂടും. ഒന്നര കിലോമീറ്റര്‍ നീളമുള്ള റണ്‍വേ ആണ് ഇവിടത്തെ പ്രധാന പ്രത്യേകത. അല്‍പം കാശിറക്കാന്‍ തയ്യാറുണ്ടോ. എങ്കില്‍ ഒരു ഹെലികോപ്റ്ററില്‍ തന്നെ രാജകീയമായി ഇവിടെ പറന്നിറങ്ങാം. കുറച്ചു കാലം മുമ്പ് വരെ സ്വകാര്യ ഇടപാടുകള്‍ക്ക് മാത്രമായി ഒതുങ്ങികിടന്ന ഇവിടം ഇന്നിപ്പോള്‍ എല്ലാവര്‍ക്കുമായി തുറന്നു കൊടുത്തു. ആഡംബര ജീവിതം ഇഷ്ടപ്പെടുന്നവര്‍ക്ക് ഇതൊരു സ്വര്‍ഗം തന്നെയാണ്. 7 സ്റ്റാര്‍ റെസ്റ്റാറന്റുകള്‍, ഗോള്‍ഫ് ക്ലബ്ബുകള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍ തുടങ്ങി സഞ്ചാരികള്‍ക്ക് ഉല്ലാസത്തിനായ്‌ ഒരു വലിയ നിര തന്നെ ഇവിടെയുണ്ട്. നൈറ്റ്‌ ലൈഫ് ആസ്വദിക്കുന്നവര്‍ക്ക് രാവുകള്‍ ഉത്സവമാക്കുവാന്‍ പാര്‍ട്ടി ഡിസ്കോ ടെക്കുകളുണ്ട്. ടൈറ്റാനിക്കിന്റെ തീം ഉള്ള നൈറ്റ്‌ ക്ലബ്‌ ഇവിടത്തെ മറ്റൊരു പ്രധാന ആകര്‍ഷണമാണ്.

പ്രസന്നമായ വേനല്‍ക്കാലം ആസ്വദിക്കാന്‍ ഇതിലും നല്ലൊരിടം വേറെ കിട്ടില്ല. 23000 അടി ഉയരെ 25 കിലോമീറ്ററോളം വാട്ടര്‍ ഫ്രൊണ്ടോട് കൂടി മറ്റൊരിടം വേറെവിടെ കാണാന്‍ കഴിയും. പ്രകൃതിയോടിണങ്ങുന്ന തരത്തില്‍ ശാലീനത ഒട്ടും ചോര്‍ന്നു പോകാതെ പണി കഴിപ്പിച്ചിരിക്കുന്ന ഏക്കറുകളോളം വിശാലമായി പരന്നുകിടക്കുന്ന വലിയ ഒരു സിറ്റിയാണിത്‌. രൂപവൈവിധ്യം തുളുമ്പുന്ന ഒത്തിരിയൊത്തിരി കാഴ്ചകള്‍ കണ്ട് ദിവസം മുഴുവന്‍ ഇവിടെ ചുറ്റിയടിക്കാം. അതിനിടെ എപ്പോഴെങ്കിലും ദിക്കറിയാതെ ഒറ്റപ്പെട്ടു പോയോ.ഒട്ടും പേടിക്കേണ്ട കാര്യമില്ല. നേരെ റിസപ്ഷനില്‍ വിളിക്കുക. നിങ്ങളെ തിരികെ കൊണ്ട് പോകാന്‍ ഗോള്‍ഫ് കാര്‍ട്ടുകള്‍ എപ്പോ എത്തിയെന്ന് ചോദിച്ചാല്‍ മതി.

ഒഴിവുകാലം ആര്‍ത്തുല്ലസിക്കാന്‍ ഇവിടെയെത്തുന്നവര്‍ക്ക് താമസിക്കാന്‍ പല വിധ സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സിംഗിള്‍, ഡബിള്‍ റൂമുകള്‍ മുതല്‍ ആവശ്യമെങ്കില്‍ ഒരു വില്ല തന്നെ താമസിക്കാനായി തെരഞ്ഞെടുക്കാം. പിന്നെ ഔട്ട്‌ ഡോര്‍ ടെന്റുകള്‍ മറ്റൊരു ഫാഷനാണ്.ഇവിടുത്തെ വില്ലകളുടെ രൂപഭംഗിയിലും വ്യത്യസ്ഥതകളുണ്ട്. പ്രകൃതിദത്തവും മനുഷ്യനിര്‍മ്മിതവുമായ വസ്തുക്കളുടെ സങ്കലനമാണിവിടം. പ്രകൃതിയിലെ നീരുറവയില്‍ കുളിക്കുന്ന അനുഭൂതി പുനര്‍സൃഷ്ടിക്കുന്ന പോലെയാണ് ഇവിടെയുള്ള ഓപ്പണ്‍ റ്റു സ്കൈ ബാത്രൂമുകള്‍. ഇതു മാത്രമല്ല സിറ്റിയുടെ നിര്‍മ്മാണത്തില്‍ തന്നെ പലതരം നൂതന ആശയങ്ങള്‍ ഇവിടെ പ്രയോഗത്തില്‍ വരുത്തിയിട്ടുണ്ട്.ഇന്ത്യന്‍ യൂറോപ്യന്‍ സംസ്കാരങ്ങളുടേയും തനിമയുടേയും സംഗമ സ്ഥാനമാണിവിടം. വില്ലകളുടേയും മറ്റും രൂപകല്‍പ്പനയില്‍ തുടങ്ങി സഞ്ചാരികളെ പരിചരിക്കുന്ന കാര്യത്തില്‍ വരെ ഈ സമ്മിശ്ര ഭാവം പ്രതിഫലിക്കുന്നു.

വിനോദങ്ങളിലെര്‍പ്പെടാന്‍ ഇങ്ങോട്ട് പോന്നാല്‍ മതി. കുതിര സവാരി മുതല്‍ ഗോള്‍ഫ് കളിയ്ക്കാന്‍ വരെ ഇടമുണ്ട്.പിന്നെ ഇതൊന്നും വലിയ വശമില്ലെന്ന് വിചാരിച്ചു മടിച്ചു നില്‍ക്കേണ്ട. അതൊക്കെ അതാതു രീതിയില്‍ ട്രെയിനിംഗ് താരാന്‍ ആളുകളുണ്ടിവിടെ. മറ്റു വിനോദ കേന്ദ്രങ്ങളുമായി താരതമ്യം ചെയ്‌താല്‍ ഇവിടുത്തെ സൌകര്യങ്ങളും ജീവിത രീതിയുമെല്ലാം കുറച്ചു ആഡംബരം നിറഞ്ഞതാണ്‌. അത് കൊണ്ട് അവയൊക്കെ ആസ്വദിക്കുന്നതിനല്‍പ്പം ചെലവേറുമെന്നു പറയേണ്ടതില്ലല്ലോ. അപ്പര്‍ ക്ലാസ്സ്‌ അല്ലെങ്കിലതിനു മേലോട്ട് ഉള്ളവര്‍ക്ക് താങ്ങാവുന്നതായിരിക്കും ഇവിടുത്തെ ചെലവുകള്‍. ഒരു കുട്ടി മാത്രമുള്ള ഒരു ഫാമിലിക്ക്‌ തന്നെ ഏകദേശം 15000 മുതല്‍ 20000 രൂപ വരെ ഒരു ദിവസത്തേക്ക് ചെലവാകും. എന്നാല്‍ ഇവിടുത്തെ കാഴ്ചകളും സൌകര്യങ്ങളും വച്ച് നോക്കുമ്പോള്‍ അത് കൂടുതലാണെന്ന് പറയാനും പറ്റില്ല. അതിനാല്‍ കുറച്ചൊക്കെ കാശ് മുടക്കാനൊരുക്കമാണെങ്കില്‍ ഒഴിവുകാലം ഉത്സവമാക്കാന്‍ ഇവിടെ പറന്നിറങ്ങാം.

STORY HIGHLIGHTS:   Ambi Valley in the luxurious glow of the city