Entertainment

‘കുട്ടേട്ടാ… എന്ന് വിളിച്ച് കുഴിയിൽ കിടന്ന് കരയേണ്ടത് ഞാനായിരുന്നു’ : മഞ്ഞുമ്മൽ ബോയ്സിൽ ആദ്യം പരി​ഗണിച്ചത് തന്നെയാണെന്ന് ആ സൂപ്പർ താരം

ഏറെ നിരൂപക പ്രശംസ നേടിയ, മലയാള സിനിമയുടെ ​ഗതിമാറ്റിയ ചിത്രം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഒരു സിനിമയാണ് 2024ൽ പുറത്തിറങ്ങിയ മഞ്ഞുമ്മൽ ബോയ്സ്. ഒരു യഥാർഥ സംഭവത്തെ അതിഗംഭീരമായി സിനിമയിലേക്ക് പകർത്തിവച്ചിരിക്കുകയാണ് സംവിധായകൻ ചിദംബരം. ‌മരണത്തിന്റെ തണുപ്പും പേടിയുടെ നിശബ്ദതയും സൗഹൃദത്തിന്റെ ചൂടും ചൂരും എല്ലാം പ്രേക്ഷകൻ ഒന്നിച്ച് തിരിച്ചറിയുന്ന കുറേ നിമിഷങ്ങളാണ് ചിത്രത്തിലുള്ളത്. സർവൈവർ ത്രില്ലർ എന്നോ ഫ്രണ്ട്ഷിപ്പ് പടമെന്നോ, അങ്ങനെ എന്ത് പേരും മഞ്ഞുമ്മൽ ബോയ്സിന് അനുയോജ്യമാണ്. എന്തായാലും മലയാളത്തിന് അഭിമാനത്തോടെ ഉയർത്തിക്കാണിക്കാവുന്ന ഹൃദയഹാരിയായ ത്രില്ലർ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന കാര്യത്തിൽ തർക്കമില്ല.

ഭാഷയുടെ അതിർവരമ്പുകൾ തകർത്ത് തമിഴ്‌നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും വലിയ വിജയമായി. ഒരു കൂട്ടം സുഹൃത്തുക്കൾ കൊടൈക്കനാലിലേക്ക് യാത്ര പോവുകയും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. സിനിമയിൽ ശ്രീനാഥ് ഭാസി അവതരിപ്പിച്ച സുബാഷ് എന്ന കഥാപാത്രമായി ആദ്യം പരിഗണിച്ചിരുന്നത് തന്നെയാണ് എന്ന് ഇപ്പോൾ തുറന്ന് പറയുകയാണ് നടൻ ആസിഫ് അലി.

ചിദംബരവും താനും അടുത്ത സുഹൃത്തുക്കളാണ്. അദ്ദേഹത്തിന്റെ ആദ്യ സിനിമ മുതൽ താനുമായി സംസാരിച്ചിട്ടുണ്ട്. മഞ്ഞുമ്മൽ ബോയ്സിലേക്കും തന്നെ ആദ്യം പരിഗണിച്ചിരുന്നു. പിന്നെ പല ചർച്ചകൾക്കും ശേഷം മാറുകയായിരുന്നു എന്ന് ആസിഫ് അലി പറഞ്ഞു. സില്ലി മോങ്ക്സിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ – ‘ചിദുവിന്റെ ആദ്യ സിനിമ മുതൽ ഞങ്ങൾ സംസാരിക്കുന്നതാണ്. മഞ്ഞുമ്മൽ ബോയ്സിൽ കുഴിയിൽ പോകേണ്ടത് ഞാനായിരുന്നു. പിന്നെ പല ചർച്ചകൾക്കും ശേഷം, അത് ആ സിനിമയ്ക്ക് ഒരു ബാധ്യതയാകാൻ സാധ്യതയുണ്ട് എന്നതിനാൽ ആ കഥാപാത്രം മാറുകയായിരുന്നു. ചിദുവുമായി ഒരു സിനിമ പ്ലാൻ ചെയ്യുന്നുണ്ട്. ചിദുവും ഗണുവും എന്റെ അടുത്ത സുഹൃത്തുക്കളാണ്,’ എന്നും ആസിഫ് അലി പറഞ്ഞു.

സിനിമ എന്തായാലും ബോക്സോഫീസിൽ വൻ ഹിറ്റായിരുന്നു. നടന്ന സംഭവം സിനിമയാക്കുമ്പോഴുള്ള എല്ലാ പരിമിതികളെയും സിനിമാറ്റിക് സാധ്യതകളിലൂടെ മറികടക്കുന്ന എഴുത്തും തികവുമാണ് തിരക്കഥാകൃത്തും സംവിധായകനുമായ ചിദംബരം കാഴ്ച വച്ചിരിക്കുന്നത്. മഞ്ഞുമ്മൽ ബോയ്സ് തമ്മിലുള്ള ഇഴയടുപ്പത്തെയും അവരുടെ വെടിച്ചില്ല് പോലുള്ള ജീവിതത്തെയും ഉത്സവത്തിന് മാലപ്പടക്കം പൊട്ടുന്ന വേഗത്തിലും താളത്തിലുമാണ് സംവിധായകൻ പറഞ്ഞു പോകുന്നത്.