താര കുടുംബങ്ങളിൽ ആരാധകർക്ക് വളെ പ്രിയപ്പെട്ട കുടുംബമാണ് മോഹൻലാലിന്റേത്. പ്രത്യേകിച്ചും പ്രണവ് മോഹൻ ലാലിനെക്കുറിച്ച് അച്ഛന് എന്താണ് പറയാനുള്ളതെന്ന് ആരാധകർ വളരെ ഇഷ്ടത്തോടെ ഉറ്റുനോക്കുന്ന ഒന്നാണ്. താര ജാഡകൾ ഒന്നും ഇല്ലാതെ യാത്രകളുമായി ലളിത ജീവിതം നയിക്കുന്ന ആളാണ് പ്രണവ്. അതേ സമയം മകൾ വിസ്മയ ആണെങ്കിൽ എഴുത്തും വായനയുമായി മറ്റൊരു ലോകത്താണ്.
മക്കൾക്ക് യാതൊരുവിധ നിയന്ത്രണവും വയ്ക്കാത്ത ആളാണ് മോഹൻലാൽ. അവർക്ക് ഇഷ്ടമുള്ളത് എന്താണോ അത് ചെയ്യാനുള്ള സ്വാതന്ത്ര്യം അദ്ദേഹം കൊടുത്തിട്ടുമുണ്ട്. അക്കാര്യം പലപ്പോഴും അഭിമുഖങ്ങളിൽ തുറന്നു പറഞ്ഞിട്ടുമുണ്ട് മോഹൻലാൽ. അത്തരത്തിൽ അടുത്തിടെ രണ്ട് തമിഴ് യുട്യൂബ് ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ മക്കളെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ – ‘പ്രണവിന് അവന്റേതായ ലൈഫ് പ്ലാനുകളുണ്ട്. ഒത്തിരി സിനിമകൾ ചെയ്യുന്നതിനോട് താല്പര്യമില്ലാത്ത ആളാണ് പ്രണവ്. യാത്രയാണ് ഇഷ്ടം. ഇടയ്ക്ക് വന്നൊരു സിനിമ ചെയ്യുന്നു. അതവന്റെ ചോയ്സ് ആണ്. അവൻ അവന്റെ ജീവിതം ആസ്വദിക്കുന്നു. പണ്ടെന്റെ അച്ഛൻ, ഡിഗ്രി കഴിഞ്ഞ ശേഷം നിനക്ക് ഇഷ്ടമുള്ളത് ചെയ്യാനാണ് എന്നോട് പറഞ്ഞിട്ടുള്ളത്. അതാണ് ഞാനും ചെയ്യുന്നത്. അവരെ എന്തിനാണ് നമ്മൾ കൺട്രോൾ ചെയ്യുന്നത്. അവന്റെ പ്രായത്തിൽ എനിക്കും യാത്ര പോകണമെന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ അതിന് സാധിച്ചില്ല. അതവൻ സാധിക്കുന്നത് കാണുമ്പോൾ സന്തോഷമാണ്.’ എന്നാണ് മോഹൻലാലിന്റെ വാക്കുകൾ.
മകളുമായി വളരെ മനോഹരമായ ബന്ധണ് തനിക്കെന്നാണ് മറ്റൊരു അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞത്. അച്ഛൻ മകൾ എന്നതിനെക്കാൾ ഉപരി നല്ല സുഹൃത്തുക്കളാണ് ഞങ്ങൾ. പരസ്പരം ബഹുമാനവും ഉണ്ട്. കൊച്ചുകുട്ടികളൊന്നും അല്ല അവർ. ഒരാൾക്ക് ഏകദേശം 31, 32 വയസായി. മറ്റൊരാൾക്ക് 27 വയസുണ്ട്. മിടുക്കരായി പഠിക്കുന്നവരാണ്. അവർക്ക് വേറെ പ്രശ്നങ്ങളൊന്നും ഇല്ല. നല്ലൊരു ജീവിതം അവർക്കുണ്ട്. എന്ത് തീരുമാനം എടുക്കാനുമുള്ള പ്രാപ്തി അവർക്കുണ്ട്. നമ്മൾ തന്നെയാണ് നമ്മുടെ ജീവിതം തീരുമാനിക്കുന്നത് എന്നല്ലേ പറയാറ്. അവർക്ക് അവരുടെ ജീവിതം തീരുമാനിക്കാം എന്നായിരുന്നു മോഹൻലാൽ പറഞ്ഞത്.