സിഡ്നി: സിഡ്‌നിയിൽ എല്ലാം പെട്ടെന്നായിരുന്നു. മൂന്നാം ദിനം പൂർത്തിയാവും മുമ്പേ ഇന്ത്യ ഉയർത്തിയ 162 റൺസ് വിജയ ലക്ഷ്യം മറികടന്ന ഓസീസിന് ബോർഡർ ഗവാസ്‌കർ ട്രോഫി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 3-1 നാണ് കങ്കാരുക്കൾ സ്വന്തമാക്കിയത്. ആറ് വിക്കറ്റിന്റെ വിജയമാണ് അവസാന ടെസ്റ്റിൽ ആതിഥേയർ കുറിച്ചത്.
മൂന്നാം ദിനം കളി പുനരാരംഭിച്ച ഇന്ത്യയെ അധികം ക്രീസിൽ നിലയുറപ്പിക്കാൻ അനുവദിക്കാതിരുന്ന ഓസീസ് 157 റൺസിന് കൂടാരം കയറ്റി. മറുപടി ബാറ്റിങ്ങിൽ ഉസ്മാൻ ഖ്വാജയും സാം കോൺസ്റ്റസും ചേർന്ന് മികച്ച തുടക്കമാണ് ഓസീസിന് നൽകിയത്.
പിന്നീട് തുടരെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി പ്രസിദ്ധ് കൃഷ്ണ പ്രതീക്ഷ നൽകിയെങ്കിലും ട്രാവിസ് ഹെഡ്ഡും ബ്യൂ വെബ്സ്റ്ററും ചേർന്ന് കങ്കാരുക്കളെ വിജയ തീരമണച്ചു. ട്രാവിസ് ഹെഡ് 34 റണ്‍സും വെബ്സ്റ്റര്‍ 39 റണ്‍സുമെടുത്ത് പുറത്താവാതെ നിന്നു. രണ്ടാം ഇന്നിങ്‌സിൽ പരിക്കേറ്റ ക്യാപ്റ്റൻ ബുംറ കളത്തിന് പുറത്തായത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി. തോൽവിയോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻസ് ഫൈനൽ പ്രതീക്ഷകൾ അസ്തമിച്ചു.
സിഡ്നി ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന ദിനം കനത്ത പോരാട്ടത്തിനൊടുവിൽ ഇന്ത്യ തോൽവിയിലേക്കു വഴുതുമ്പോൾ, ഇന്ത്യൻ ആരാധകരുടെ മനസ്സിലേക്ക് പലവട്ടം ഉയർന്നുവന്ന ആഗ്രഹമായിരിക്കും ബോൾ ചെയ്യാൻ ക്യാപ്റ്റൻ ജസ്പ്രീത് ബുമ്ര കൂടി ഉണ്ടായിരുന്നെങ്കിൽ എന്നത്.