മാലിന്യം പൊതു ഇടങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും ജലാശയങ്ങളിലും നിക്ഷേപിക്കുന്നത് ഗുരുതരമായ നിയമലംഘനമാണ്. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ തിരിച്ചറിയുന്നതിനും നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിനും വിശ്വസനീയമായ വിവരങ്ങൾ തെളിവ് സഹിതം നൽകുന്ന വ്യക്തികൾക്ക് പാരിതോഷികം ലഭിക്കും. മാലിന്യം വലിച്ചെറിയുന്നതിന്റെ ഫോട്ടോ അല്ലെങ്കിൽ വീഡിയോ കൈവശം ഉണ്ടായിരിക്കണം.
പൊതു ഇടങ്ങൾ, സ്വകാര്യ സ്ഥലങ്ങൾ, ജലാശയങ്ങൾ എന്നിവിടങ്ങളിൽ മാലിന്യം വലിച്ചെറിയുക, നിക്ഷേപിക്കുക, ദ്രവമാലിന്യം ഒഴുക്കി കളയുക തുടങ്ങി നിലവിലുള്ള മാലിന്യ നിർമ്മാർജ്ജന നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന ഏത് പ്രവൃത്തിയും പൊതുജനങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് റിപ്പോർട്ട് ചെയ്യാവുന്നതാണ്. ഇത്തരം മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ നടത്തുന്ന വ്യക്തികളെ കുറിച്ച് വിശ്വസനീയമായ വിവരങ്ങൾ നൽകിയാൽ അയാളിൽ നിന്ന് ഈടാക്കുന്ന പിഴത്തുകയുടെ 25 ശതമാനമോ പരമാവധി 2,500 രൂപയോ പാരിതോഷികം ലഭിക്കും. വിവരം കൈമാറിയാൽ 7 ദിവസത്തിനകം തീർപ്പുണ്ടാകും. നിയമലംഘനം നടത്തിയ വ്യക്തി, പിഴ തുക നഗരസഭയിൽ ഒടുക്കിയ തീയതി മുതൽ 30 ദിവസത്തിനകം വിവരം നൽകിയ ആളുടെ അക്കൗണ്ടിലേക്ക് ഓൺലൈനായി പാരിതോഷിക തുക എത്തും.
കുറ്റകൃത്യം കണ്ടെത്തിയാൽ റിപ്പോർട്ട് ചെയ്യേണ്ട രീതി ഇങ്ങനെയാണ് – പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട കുറ്റകൃത്യത്തിന് സാക്ഷിയായ ഏതൊരു വ്യക്തിയും ഉടൻ തന്നെ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയ്ക്ക് കുറ്റകൃത്യം നടത്തുന്ന ആളിനെ അഥവാ വാഹനം തിരിച്ചറിയാൻ സഹായിക്കുന്ന തെളിവ് സഹിതം റിപ്പോർട്ട് ചെയ്യണം. ഇതിനായി തദ്ദേശ സ്ഥാപനതലത്തിൽ ഒരു നിശ്ചിത വാട്സ് ആപ്പ് നമ്പർ, ഇമെയിൽ ഐ.ഡി എന്നിവ പ്രസിദ്ധീകരിക്കുന്നതാണ്. കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന വ്യക്തികളുടെ വിവരങ്ങൾ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും.
പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചാൽ കുറഞ്ഞത് ₹ 250 പിഴ. ജലാശയങ്ങളിൽ ₹ 5,000 മുതൽ ₹ 50,000 വരെയും. ₹ 1000 പിഴ ഈടാക്കിയാൽ ₹ 250 ഉം ₹ 50,000 പിഴ ഈടാക്കിയാൽ പരമാവധി ₹ 2500 ഉം പാരിതോഷികമായി ലഭിക്കും.