തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് ജനകീയ ഇനങ്ങൾ വേദിയിൽ എത്തും. മോഹിനിയാട്ടം, തിരുവാതിരക്കളി, നാടോടി നൃത്തം, നാടകം, ഒപ്പന തുടങ്ങിയവ ഇനങ്ങളാണ് ഇന്ന് വേദിയെ കീഴടക്കുക. 215 പോയിന്റുമായി കണ്ണൂരാണ് നിലവിൽ ഒന്നാം സ്ഥാനത്ത്. തൃശ്ശൂർ രണ്ടാമതും കോഴിക്കോട് മൂന്നാമതുമാണ്. കഴിഞ്ഞദിവസം ഹയർസെക്കൻഡറി വിഭാഗം പഞ്ചവാദ്യ മത്സരമാണ് തലസ്ഥാനത്തെ കാണികളെ ഏറ്റവുമധികം ഇളക്കിമറിച്ചത്. തുടക്കം മുതൽ ഒടുക്കം വരെ നിറഞ്ഞ വേദിയിലാണ് കുട്ടികൾ കൊട്ടി കയറിയത്. 214 പോയിൻറോടെ തൃശൂർ രണ്ടാം സ്ഥാനത്തും 213 പോയിൻറോടെ കോഴിക്കോട് മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്.
പ്രധാന വേദിയായ എംടി – നിളയിൽ ഇന്ന് രാവിലെ 9:30 ന് ഹൈസ്‌കൂൾ വിഭാഗം ഒപ്പന ആരംഭിക്കും. ഉച്ചക്ക് രണ്ടുമണിക്ക് ഇതേ വേദിയിയിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടം നടക്കും. വഴുതക്കാട് ഗവൺമെൻറ് വിമൻസ് കോളജിലെ പെരിയാർ വേദിയിൽ രാവിലെ 9.30-ന് ഹയർ സെക്കൻഡറി വിഭാഗം തിരുവാതിരക്കളിയും ഉച്ചക്ക് രണ്ടുമണിക്ക് ഹൈസ്‌കൂൾ വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്തവും അരങ്ങേറും.
ടാഗോർ തിയേറ്ററിലെ പമ്പയാർ വേദിയിൽ രാവിലെ 9:30 മുതൽ ഹൈസ്‌കൂൾ വിഭാഗം നാടക മത്സരങ്ങൾ നടക്കും. ഭരതനാട്യം (ആൺ), കുച്ചുപ്പുടി (ആൺ), എച്ച്എസ്എസ് വിഭാഗം മാർഗംകളി, ചാക്യാർകൂത്ത്, നങ്ങ്യാർകൂത്ത്, ചെണ്ടമേളം, കഥകളി, കൂടിയാട്ടം തുടങ്ങി വിവിധ ഇനങ്ങൾ ഇന്ന് അരങ്ങിലെത്തും. പണിയ വിഭാഗത്തിൻറെ തനത് കലാരൂപമായ പണിയ നൃത്തവും ഇന്നാണ് വേദയിലെത്തുന്നത്. കലോത്സവ ചരിത്രത്തിൽ ആദ്യാമായാണ് പണിയ നൃത്തം മത്സരത്തിനെത്തുന്നത്.