ഛത്തീസ്ഗഡിൽ കാണാതായ മാധ്യമപ്രവർത്തകന്റെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ബസ്തർ കേന്ദ്രീകരിച്ച് പ്രവർത്തിച്ച പ്രമുഖ മാധ്യമപ്രവർത്തകനും യൂട്യൂബറുമാണ് കൊല്ലപ്പെട്ട മുകേഷ് ചന്ദ്രകാർ. ഒന്നാം തീയതി മുതൽ കാണാതായ മുകേഷിന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് ബസ്തറിലെ പ്രമുഖ കരാറുകാന്‍റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്നും കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് കരാറുകാരനും കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ മുകേഷ് ചന്ദ്രകാറിന്‍റെ ബന്ധുവും ഉൾപ്പടെ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. മുകേഷിന്റെ യൂട്യൂബ് ചാനലിലൂടെ സുരേഷ് ചന്ദ്രകാറെന്ന കരാറുകാരൻ കോടികൾ ചിലവിട്ട് റോഡ് നിർമ്മിച്ചതിലെ അഴിമതി ചൂണ്ടിക്കാട്ടി ചെയ്ത റിപ്പോർട്ട് വലിയ ചർച്ചയായിരുന്നു. സംഭവത്തിൽ സർക്കാർ അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു.
പിന്നാലെയാണ് കരാറുകാരന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ മുകേഷിന്റെ മൃതദേഹം കണ്ടെത്തിയത്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ മാധ്യമ സ്വാതന്ത്ര്യം എന്തെന്ന് കൊലപാതകത്തിലൂടെ വ്യക്തമായെന്ന് പ്രതിപക്ഷം വിമർശിച്ചു. കൊലപാതകത്തിന് പിന്നിൽ കോൺഗ്രസ് നേതാവാണെന്ന് ബിജെപി ആരോപിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.