ആഗോള വിപണികളിൽനിന്ന് ആവശ്യം ഉയർന്നതോടെ സംസ്ഥാനത്ത് തേയില വില കുതിക്കുന്നു. ശൈത്യകാലം തുടങ്ങിയതോടെയാണ് വില കുതിച്ച് ഉയർന്നത്. തേയില ഉത്പാദനം കുറഞ്ഞതും ആവശ്യകത ഉയർന്നതുമാണ് വില ഉയരാൻ കാരണം.
കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് 30 ശതമാനത്തിന്റെ വർധനയാണ് തേയില വിലയിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ആഴ്ച കൊച്ചിയിൽ നടന്ന ഓർത്തഡോക്സ് വിഭാഗം ഇലത്തേയില ലേലത്തിൽ കിലോയ്ക്ക് 198.19 രൂപയായിരുന്നു നിരക്ക്. എന്നാൽ, 2023-ൽ ഡിസംബറിൽ വില 155.55 രൂപയായിരുന്നു. 27.4 ശതമാനമാണ് വർധന. സി.ടി.സി. ഇല തേയില വില യിൽ 34.1 ശതമാനത്തോളമാണ് ഉയർന്നത്.
2023 ഡിസംബറിൽ കിലോയ്ക്ക് 94.43 രൂപ ഉണ്ടായിരുന്ന വില 2024 ഡിസംബറിൽ 126.57 രൂ പയിൽ എത്തി. ഉത്പാദനം കുറഞ്ഞതാണ് വില ഉയരാൻ ഇടയാക്കിയത്. വിളവ് കുറവായതിനാൽ എല്ലാ കേന്ദ്രങ്ങളിലും ഓർത്ത ഡോക്സ്, സി.ടി.സി., ഡസ്റ്റ് എന്നിവയു ടെ ലേലവില മുൻ വർ ഷത്തേക്കാൾ ഉയർന്ന നിലയിലായിരുന്നു. കാലാവസ്ഥാവ്യതിയാനമാണ് ഉത്പാദനത്തെ ബാധിച്ചത്.
2024 നവംബർ വരെ രാജ്യത്ത് 125.54 കോടി കിലോഗ്രാം തേയിലയാണ് ഉത്പാദിപ്പിച്ചത്. മുൻ വർഷം ഇതേ കാലയളവിൽ ഇത് 130.93 കോടി കിലോഗ്രാമായിരുന്നു. ഉത്പാദനത്തിലെ ഇടിവ് 4.3 ശതമാ നമാണ്. നിലവിലെ തേയില ലഭ്യത കുറവ് മാർച്ച് വരെ തുടരുമെന്നാണ് ഉത്പാദകർ പറയുന്നത്. രാജ്യത്ത് അസം, പശ്ചിമ ബംഗാൾ, തമിഴ്‌നാ ട്, കേരളം, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് തേയില ഉത്പാദിപ്പിക്കുന്നത്. ഇതിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഉത്പാദനം കൂടുതൽ.
വിദേശരാജ്യങ്ങളിൽനിന്ന് ഇലത്തേയിലയ്ക്ക് ആവശ്യം ഉയർന്നതാണ് വില ഉയരാൻ കാരണം. യൂറോപ്പ്, ഗൾഫ്, കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്നടക്കം മികച്ച അന്വേഷണം എത്തിയിട്ടുണ്ട്. ഇതോടെ കയറ്റുമതി ഉയർന്നിട്ടുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു. കൂടാതെ, ഉത്തരേന്ത്യയിൽ തേയില ഉത്പാദനം കുറഞ്ഞതും കേരള വിപണിയിൽ നേട്ടമായി. വരും മാസങ്ങളിലും ഉത്പാദനം കുറയാൻ സാധ്യതയുള്ളതിനാൽ ഉത്തരേന്ത്യൻ വ്യാപാരികൾ കേരള വിപണിയിൽനിന്ന് വൻതോതിൽ തേയില സംഭരണം ആരംഭിച്ചിട്ടുണ്ട്. അതിനാൽ വരും ആഴ്ചയിലും വില ഉയരുമെന്നാണ് വിലയിരുത്തുന്നത്.