പുത്തൻ ഫീച്ചറുകളുമായി ഹോണ്ട ആക്റ്റീവ 125 പതിപ്പ് പുറത്തിറക്കി. ഉപഭോക്താക്കൾ മികച്ച റൈഡിങ്ങ് അനുഭവം നൽകാൻ തക്കവണ്ണം നിരവധി പുതുമകൾ പുത്തൻ ആക്റ്റീവ 125ൽ ഉണ്ട്. DLX, എച്ച്-സ്മാർട്ട് (ടോപ്പ് വേരിയന്റ്) എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ആക്റ്റീവ 125 അവതരിപ്പിച്ചത്. സ്കൂട്ടർ ഓടിക്കുന്ന വ്യക്തിക്ക് മുന്നറിയിപ്പുകൾ നൽകുന്ന ഒബിഡി2ബി (OBD2 -On-Board Diagnostic II) സംവിധാനം ഉൾപ്പെടെ നിരവധി മാറ്റങ്ങളുമായാണ് പുതിയ ഹോണ്ട ആക്റ്റീവ എത്തിയത്. അതിൽ പ്രധാനമായത് ഒബിഡി2ബി നിബന്ധന പാലിക്കുന്ന 123.92 സിസി, സിംഗിൾ-സിലിണ്ടർ പിജിഎം-എഫ്ഐ എൻജിനാണ്. ഈ എൻജിൻ 6.20 കിലോവാട്ട് ഊർജ്ജവും 10.5 എൻഎം ടോർക്കും പുറപ്പെടുവിക്കുന്നു. ആധുനിക ഐഡിലിങ്ങ് സ്റ്റോപ്പ് സിസ്റ്റമാണ് മറ്റൊരു പ്രധാന സവിശേഷത.
ബ്ലൂടൂത്ത് കണക്റ്റിവിറ്റിയാണ് മറ്റൊരു പ്രധാന ആകർഷണം. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 4.2 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ, ഹോണ്ട റോഡ്സിങ്ക് ആപ്, കോൾ-മെസേജ് അലർട്ടുകൾ എന്നിവയും പുതിയ ഫീച്ചറുകളാണ്. ഇതോടൊപ്പം ഡിവൈസുകൾ സൗകര്യപ്രദമായി എപ്പോഴും ചാർജ് ചെയ്യാൻ യുഎസ്ബി ടൈപ്പ്-സി ചാർജിങ് പോർട്ടുമുണ്ട്. പേൾ ഇഗ്നുവസ് ബ്ലാക്ക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, പേൾ ഡീപ്പ് ഗ്രൗണ്ട് ഗ്രേ, പേൾ സൈറൻ ബ്ലൂ, റബൽ റെഡ് മെറ്റാലിക്, പേൾ പ്രഷ്യസ് വൈറ്റ് എന്നീ ആറ് നിറങ്ങളിൽ ഇത് ലഭ്യമാണ്. രാജ്യത്തുടനീളമുള്ള എച്ച് എം എസ് ഐ ഡീലർഷിപ്പിൽ നിന്നും വാഹനം ലഭ്യമാകും. 94,422 രൂപ മുതൽ 97,146 രൂപ വരെയാണ് വില വരുന്നത്.