Kerala

കാട്ടാന ആക്രമണത്തിൽ മരിച്ച യുവാവിന്റെ കുടുംബത്തിന് ആവശ്യമായ സഹായം നല്‍കും: മന്ത്രി എ കെ ശശീന്ദ്രന്‍

നിലമ്പൂരില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് ആവശ്യമായ സഹായം നല്‍കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. വന്യ ജീവി ആക്രമണത്തിന്റെ തോത് കുറഞ്ഞു വരികയാണെന്നും മന്ത്രി പറഞ്ഞു. മരണ നിരക്ക് കുറച്ചു കൊണ്ടുവരാനാണ് വനം വകുപ്പ് ശ്രമിക്കുന്നതെന്നും ഏറ്റവും കൂടുതല്‍ മരണം സംഭവിക്കുന്നത് പാമ്പ് കടിയേറ്റാണെന്നും മന്ത്രി പറഞ്ഞു. വന നിയമ ഭേദഗതിയില്‍ നിയമസഭ സബ്ജക്ട് കമ്മിറ്റി പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ കൊണ്ട് വരുമെന്നും മന്ത്രി വ്യക്തമാക്കി.ജനങ്ങള്‍ക്ക് പ്രായോഗികമായ നിയമങ്ങള്‍ മാത്രമേ നടപ്പിലാക്കു എന്നും മന്ത്രി എ കെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35)ആണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു കാട്ടാന ആക്രമണം ഉണ്ടായത്. ചോല നായ്ക്കർ വിഭാഗത്തിൽ പെട്ട ആളാണ് മരിച്ച മണി. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.