കേരളത്തിലെ ഒരു പരമ്പരാഗതമായ പലഹാരമാണ് ഇലയട. ഇന്ന് നാലുമണി ചായക്കൊപ്പം കഴിക്കാൻ ഇലയട തയ്യാറാക്കിയാലോ?
ആവശ്യമായ ചേരുവകള്‍
- ചെറുപയര്‍ – 400 ഗ്രാം
- വെള്ളം – 2-3 ടേബിള്‍സ്പൂണ്‍
- അരിപ്പൊടി – ¼ കപ്പ്
- ഉപ്പ് – ½ ടീസ്പൂണ്‍
ഫില്ലിങ്ങിന്
- ശര്‍ക്കര – 250 ഗ്രാം
- വെള്ളം – ¼ കപ്പ്
- തേങ്ങ ചിരകിയത് – 1 ഇടത്തരം തേങ്ങ
- ഏലക്ക പൊടി – ½ ടീസ്പൂണ്‍
- ചുക്ക് പൊടി – ¼ ടീസ്പൂണ്‍
- നെയ്യ് – 1 ടീസ്പൂണ്‍
തയാറാക്കുന്ന വിധം
ഫില്ലിങ് തയാറാക്കി എടുക്കാന്‍ ഒരു ഫ്രൈയിങ് പാന്‍ സ്റ്റൗവില്‍ വച്ച് ശര്‍ക്കര, കാല്‍ കപ്പ് വെള്ളമൊഴിച്ച് ഉരുക്കി എടുക്കാം. ശര്‍ക്കര ഉരുക്കി കഴിഞ്ഞാല്‍ ഫില്ലിങ് തയാറാക്കി എടുക്കാനുള്ള പാത്രത്തിലേക്ക് ഇത് അരിച്ചൊഴിക്കാം. ഈ ശര്‍ക്കരപ്പാനി അടുപ്പത്തുവച്ച് ഒന്നുകൂടി ഉരുക്കി, മുറിഞ്ഞു വീഴുന്ന പാകമാകുമ്പോള്‍ തേങ്ങ ചേര്‍ക്കാം. പിന്നീട് നന്നായി ഇളക്കി യോജിപ്പിച്ച് വെള്ളം വറ്റിച്ചെടുക്കാം. ഇനി ഏലക്കായ പൊടിച്ചതും ചുക്കുപൊടിയും ചേര്‍ത്ത് ഇളക്കി എടുക്കാം.
നെയ്യ് കൂടി ചേര്‍ത്ത് ഇളക്കിയശേഷം അടുപ്പില്‍ നിന്ന് ഇറക്കി വയ്ക്കാം, ഫില്ലിങ് തയാറായിക്കഴിഞ്ഞു. ആറു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു കഴുകി വാരിയ ചെറുപയര്‍ മിക്‌സിയുടെ ഒരു ജാറിലേക്കിട്ട് അല്പം വെള്ളമൊഴിച്ച് നല്ല പേസ്റ്റ് പരുവത്തില്‍ അരച്ചെടുക്കുക. വെള്ളം കൂടി പോകരുത്, രണ്ടോ മൂന്നോ ടേബിള്‍സ്പൂണ്‍ മതിയാകും. ഇനി ഇത് ഒരു പാത്രത്തിലേക്ക് മാറ്റാം, ഇതിലേക്ക് അരിപ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് ഒന്നിളക്കി എടുക്കാം.
ഇനി അട തയാറാക്കി എടുക്കാന്‍ മാവില്‍ നിന്നും കുറച്ചെടുത്ത് കീറിയെടുത്ത വാഴയിലയില്‍ വെച്ച് കൈ കൊണ്ട് നന്നായി കനംകുറച്ച് പരത്തിയെടുക്കാം. മാവ് കയ്യില്‍ ഒട്ടിപിടിക്കാതിരിക്കാന്‍ കൈ ഇടയ്ക്കു വെള്ളത്തില്‍ മുക്കിയെടുക്കാം. പരത്തിയതിനുശേഷം അടയുടെ ഒരു ഭാഗത്തു മാത്രം ഫില്ലിംഗ് പരത്തി മറുഭാഗം കൊണ്ട് മൂടികൊടുക്കാം. ബാക്കിയുള്ളതും ഇതുപോലെ തയ്യാറാക്കി എടുത്തശേഷം 15 മിനിറ്റ് ആവിയില്‍ വേവിച്ചെടുക്കാം.