തിരുവനന്തപുരം: ഭവാനി നദി വേദിയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ മാര്‍ഗംകളി മത്സരം പുരോഗമിക്കുമ്പോള്‍ പിരിമുറുക്കവുമായി വേദിക്ക് മുന്നില്‍ നില്‍ക്കുകയായിരുന്നു കുട്ടികളുടെ സ്വന്തം ജയിംസ് ആശാന്‍. അദ്ദേഹത്തിന്റെ ഈ പതിവ് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, വേദിക്കുമുന്നിലെ ഈ ഭാവമാറ്റങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവവേദിയിലും ആശാന്‍ പതിവ് തെറ്റിച്ചില്ല.
തന്റെ ശിഷ്യര്‍ വേദിയില്‍ മല്‍സരിക്കുമ്പോള്‍ പലപ്പോഴും അവരുടെ പ്രകടനം കാണാന്‍ ആശാന് അവസരം കിട്ടാറില്ല. അടുത്തതായി മത്സരിക്കാനുള്ള ടീമുകളെ ഒരുക്കുന്ന തിരക്കിലാവും അപ്പോള്‍ ജയിംസ് ആശാന്‍. ഈ വര്‍ഷം ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മാത്രം ആറ് ടീമുകളാണ് അദ്ദേഹത്തിന്റെ പരിശീലനത്തില്‍ മത്സരിക്കാനെത്തിയത്. ആദ്യദിനത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം മാര്‍ഗംകളി മത്സരത്തിലും ആശാന്റെ ശിക്ഷണം ലഭിച്ച നാല് ടീമുകളുണ്ടായിരുന്നു.
നാല്പത് വര്‍ഷമായി മാര്‍ഗംകളി അധ്യാപനരംഗത്ത് താനുണ്ടെന്ന് ജയിംസ് ആശാന്‍ അഭിമാനത്തോടെ പറയുന്നു. തന്റെ ശിഷ്യന്മാരിന്ന് മാര്‍ഗ്ഗംകളി പരിശീലകരായി മാറിയതിലുള്ള സന്തോഷവും അദ്ദേഹം പ്രകടിപ്പിച്ചു. 1985ല്‍ ആദ്യമായി മാര്‍ഗംകളി മത്സരം കലോത്സവത്തില്‍ ഉള്‍പ്പെടുത്തണമെന്ന തീരുമാനമെടുക്കുന്ന 36 ആശാന്മാരില്‍ താനും ഉള്‍പ്പെട്ടിരുന്നുവെന്ന് അദ്ദേഹം ഓര്‍ത്തെടുക്കുന്നു.
വിശുദ്ധ തോമാശ്ലീഹയുടെ ജീവിതമാണ് പതിനഞ്ച് പാദങ്ങളായി മാര്‍ഗംകളിയില്‍ അവതരിപ്പിക്കുന്നത്. മാര്‍ഗംകളി പരിശീലനത്തിനായി വിദേശ രാജ്യങ്ങളിലും ജയിംസ് ആശാന്‍ പറന്നിറങ്ങിയിട്ടുണ്ട്. തന്റെ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും കലോത്സവങ്ങള്‍ ലക്ഷ്യമാക്കി പരിശീലനത്തിനെത്തുവരാണെന്നും ജയിംസ് ആശാന്‍ പറയുന്നു.
കാലത്തിന്റെ കുത്തൊഴുക്കില്‍ പല കലകളും അന്യം നിന്ന് പോകുമ്പോള്‍ മാര്‍ഗംകളി നിലനിന്നു പോരുന്നതും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ താല്പര്യത്തോടെ കലയെ അറിയാന്‍ ശ്രമിക്കുന്നതും ജെയിംസ് ആശാനെ പോലുള്ള മികച്ച അധ്യാപകരുടെ ആത്മാര്‍ത്ഥ പരിശ്രമം കൊണ്ട് കൂടിയാണ്.
content highlight : James Asan is the teacher of Margakali