Travel

ഗൂര്‍ഖകളുടെയും എരുമപ്പോരിന്റേയും നാടായ ആര്‍ക്കി | Arkhi, the land of Gurkhas and buffalo fighting

ബഘാല്‍ രാജവംശം കൈവരിച്ച പുരോഗതിയുടെ പ്രതീകങ്ങളാണിവ

ഹിമാചല്‍പ്രദേശിലെ സോളന്‍ ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്‌ ആര്‍ക്കി. സോളന്‍ ജില്ലയിലെ ഏറ്റവും ചെറിയ പട്ടണമായ ആര്‍ക്കി സഞ്ചാരികള്‍ക്ക്‌ ഒരിക്കലും മറക്കാനാവാത്ത കാഴ്‌ചകളാവും സമ്മാനിക്കുക. 1660-65 കാലഘട്ടത്തില്‍ ബഘാല്‍ ഭരിച്ചിരുന്ന രാജാവായിരുന്ന അജയ്‌ ദേവാണ്‌ ഈ പട്ടണം സ്ഥാപിച്ചത്‌. ബഘാലിന്റെ തലസ്ഥാനമെന്ന ചരിത്രപരമായ പ്രത്യേകതയും ആര്‍ക്കിക്കുണ്ട്‌. ഷിംലയില്‍ നിന്ന്‌ 52 കിലോ മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ആര്‍ക്കിയില്‍ ഇപ്പോഴും രാജകീയ പാരമ്പര്യം വിളിച്ചോതുന്ന സ്‌മാരകങ്ങളുണ്ട്‌. ഇവിടെ നിരവധി ക്ഷേത്രങ്ങളുണ്ട്‌. രാജ്യത്തിന്റെ നാനാഭാഗങ്ങളിലുള്ള ജനങ്ങള്‍ ഈ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്താറുണ്ട്‌. ലുട്ടുറു മഹാദേവ ക്ഷേത്രം, ഷാഖ്‌നി മഹാദേവ ക്ഷേത്രം, ദുര്‍ഗ്ഗാ ക്ഷേത്രം എന്നിവ ഇവയില്‍ പ്രധാനപ്പെട്ടവയാണ്‌.

ആര്‍ക്കിയില്‍ നിന്ന്‌ നാലു കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ലുട്ടുറു മഹാദേവ ക്ഷേത്രത്തിലെ പ്രധാന ആരാധനാ മൂര്‍ത്തി ശിവനാണ്‌. പ്രധാനപ്പെട്ട ശക്തി പീഠമായി കണക്കാക്കപ്പെടുന്ന ക്ഷേത്രം 1621ല്‍ ബഘാലിലെ രാജാവാണ്‌ നിര്‍മ്മിച്ചത്‌. ശിഖാര ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ദുര്‍ഗ്ഗാ ക്ഷേത്ര സന്ദര്‍ശനവും സഞ്ചാരികള്‍ക്ക്‌ നല്ലൊരു അനുഭവമായിരിക്കും. കുന്നിന്‍ മുകളില്‍ നിര്‍മ്മിച്ചിരിക്കുന്ന ഷാഖ്‌നി മഹാദേവ ക്ഷേത്രത്തില്‍ നിന്നാല്‍ ചുറ്റുമുള്ള പ്രകൃതിയുടെ നയനാന്ദകരമായ ദൃശ്യം ആസ്വദിക്കാനാകും. പട്ടണത്തിലെ ശ്രദ്ധേയമായ ചരിത്ര നിര്‍മ്മിതികളാണ്‌ ആര്‍ക്കി കോട്ടയും ആര്‍ക്കി കൊട്ടാരവും. ബഘാല്‍ രാജവംശം കൈവരിച്ച പുരോഗതിയുടെ പ്രതീകങ്ങളാണിവ. രജപുത്ര- മുഗള്‍ നിര്‍മ്മാണ ശൈലികള്‍ സമ്മേളിക്കുന്ന കോട്ട 1695നും 1700നും ഇടയ്‌ക്ക്‌ റാണാ പൃഥ്വി സിംഗാണ്‌ നിര്‍മ്മിച്ചത്‌.

ഇവിടുത്തെ മലകളിലും കുന്നുകളിലും ജീവിച്ചിരുന്ന മനുഷ്യരുടെ ജീവിതരീതി ചിത്രീകരിച്ചിരിക്കുന്ന പഹാരി ശൈലിയിലുള്ള ചുമര്‍ ചിത്രങ്ങള്‍ കോട്ടയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്‌. പതിനെട്ടാം നൂറ്റാണ്ടില്‍ റാണാ പൃഥ്വി സിംഗ്‌ തന്നെയാണ്‌ ആര്‍ക്കി കൊട്ടാരവും നിര്‍മ്മിച്ചത്‌. പശ്ചിമ ഹിമാലയനിരകളില്‍ സ്ഥിതി ചെയ്യുന്ന കൊട്ടാരത്തിന്റെ രൂപകല്‍പ്പന കലാം ശൈലിയിലാണ്‌. ഭഖലാഗ്‌, കുനിഹാര്‍, ദിവാന്‍- ഇ- ഖാസ്‌, ലക്ഷ്‌മിനാരായണ്‍ ക്ഷേത്രം എന്നിവയും ആര്‍ക്കിയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളാണ്‌. വിമാനമാര്‍ഗ്ഗമോ റെയില്‍ മാര്‍ഗ്ഗമോ റോഡ്‌ മാര്‍ഗ്ഗമോ സഞ്ചാരികള്‍ക്ക്‌ ആര്‍ക്കിയിലെത്താവുന്നതാണ്‌. വര്‍ഷം മുഴുവന്‍ സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്നതിനാല്‍ എപ്പോള്‍ വേണമെങ്കിലും ഇവിടം സന്ദര്‍ശിക്കാം.

STORY HIGHLIGHTS:  Arkhi, the land of Gurkhas and buffalo fighting