അമേരിക്കയില്‍ അടുത്തയാഴ്ചയോടെ മഞ്ഞുവീഴ്ച അതിശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. പോളാര്‍ വൊര്‍ട്ടക്‌സ് എന്ന ധ്രുവ ചുഴലി പ്രതിഭാസം രൂക്ഷമാകുമെന്നാണ് സൂചന. ഇതേതുടർന്ന് അമേരിക്കയുടെ കിഴക്കന്‍ സംസ്ഥാനങ്ങളിൽ മഞ്ഞുവീഴ്ച തീവ്രമാകും. തുടര്‍ന്ന് തെക്കന്‍ മേഖലയിലേക്ക് ചുഴലി നീങ്ങും. അതീവ ഗുരുതരമായ നിലയിലേക്കാണ് താപനില കുറയുക. അമേരിക്കയുടെ കിഴക്കന്‍ ഭാഗത്താണ് കനത്ത മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. മഞ്ഞുവീഴ്ച അതിതീവ്രമാകാൻ സാധ്യതയുള്ളതിനാൽ ആളുകൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
ഭൂമിയുടെ രണ്ടു ധ്രുവങ്ങളിലും ഉണ്ടാകുന്ന പ്രതിഭാസമാണ് പോളാർ വൊര്‍ട്ടക്‌സ് അഥവാ ധ്രുവ ചുഴലി. ആര്‍ട്ടിക് ധ്രുവത്തിലും അന്റാര്‍ട്ടിക ധ്രുവത്തിലുമാണ് ഇത് സംഭവിക്കാറുള്ളത്. ധ്രുവങ്ങള്‍ക്ക് സമീപം തണുത്ത വായുവിന്റെ മര്‍ദം കുറഞ്ഞ പ്രദേശം നിലനില്‍ക്കാറുണ്ട്. ഇത് വേനല്‍ക്കാലത്ത് ദുര്‍ബലമാകുകയും ശൈത്യകാലത്ത് ശക്തിപ്പെടുകയുമാണ് ചെയ്യുക. ശൈത്യക്കാലത്ത് ശക്തിപ്പെടുന്നതിനെ ധ്രുവ ചുഴലി പോളാര്‍ വൊര്‍ട്ടെക്‌സ് എന്നു പറയും. ധ്രുവ മേഖലകളില്‍ തണുത്ത വായുവിനെ നിലനിര്‍ത്തുകയും മഞ്ഞു ഉരുകിപോകാതെ ഫ്രീസറിലെ പോലെ കാലാവസ്ഥയുണ്ടാക്കുകയും ചെയ്യുന്നത് ഈ ധ്രുവചുഴലിയുടെ സാന്നിധ്യം മൂലമാണ്. എതിര്‍ഘടികാര ദിശയിലാണ് ആര്‍ട്ടിക് പ്രദേശത്ത് ധ്രുവ ചുഴലിയുണ്ടാകുക.
കൻസാസ് സിറ്റി മുതൽ വാഷിങ്ടൻ വരെ മഞ്ഞുവീഴ്ച ശക്തമായിരിക്കും. ദശലക്ഷക്കണക്കിന് ആളുകളെയാണ് ഇത് ബാധിക്കുക. ഇത്തവണത്തെ മഞ്ഞുവീഴ്ച ഭയാനകമായിരിക്കുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകൻ റയാൻ മൗ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ഇത്ര താഴ്ന്ന താപനില ഉണ്ടായിരുന്നില്ല. സമീപകാലത്തെ ഏറ്റവും കുറഞ്ഞ താപനിലയാകും ഇത്തവണ രാജ്യത്ത് ഉണ്ടാകുകയെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ 70 ശതമാനം പേരെയും താഴ്ന്ന താപനില ബാധിക്കും. ഒരു മാസത്തോളം ശൈത്യം നീണ്ടു നില്‍ക്കും. അമേരിക്കയില്‍ ധ്രുവ ചുഴലി മൂലം കനത്ത മഞ്ഞുവീഴ്ചയും നാശനഷ്ടങ്ങളും പലപ്പോഴായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1977, 1982, 1985, 1989 വര്‍ഷങ്ങളില്‍ മഞ്ഞു വീഴ്ച ഈ പ്രതിഭാസം മൂലം ശക്തമായിരുന്നു.
STORY HIGHLIGHTS: US Facing Catastrophic Blizzard: Polar Vortex to Bring Record-Breaking Cold