തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസ് വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ കോൺഗ്രസ് തീരുമാനം. കേസിൽ വിട്ടയച്ച 10 പേർക്കും സിപിഎം മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ ഉൾപ്പെടെ 5 വർഷം തടവിനു ശിക്ഷിക്കപ്പെട്ട 4 പേർക്കുമെതിരെയാണു നിയമയുദ്ധത്തിനു കോൺഗ്രസ് ഒരുങ്ങുന്നത്. കൊല്ലപ്പെട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും കുടുംബാംഗങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം ചർച്ച നടത്തി. വിട്ടയയ്ക്കപ്പെട്ടവർക്കും കുറഞ്ഞ ശിക്ഷ ലഭിച്ചവർക്കുമെതിരെ നിയമ പോരാട്ടം തുടരണമെന്ന് ഇരു കുടുംബങ്ങളും അറിയിച്ചു.
അപ്പീൽ നൽകുന്നതിനുള്ള നടപടികളെക്കുറിച്ച് ആലോചിക്കാനും അഭിഭാഷകനെ തീരുമാനിക്കാനും വരുംദിവസങ്ങളിൽ പാർട്ടി നേതൃത്വം യോഗം ചേരും. സിബിഐയുടെ അന്വേഷണത്തിൽ ചില പോരായ്മകളുണ്ടെന്നു വിലയിരുത്തുന്ന കോൺഗ്രസ്, തുടരന്വേഷണത്തിനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.