Entertainment

ജ​ഗതി ശ്രീകുമാറിന്റെ ​അതിഗംഭീര തിരിച്ചുവരവ് ; തിയേറ്ററുകൾ കീഴടക്കാൻ പ്രൊഫ. അമ്പിളിയായി ഹാസ്യസാമ്രാട്ട് എത്തുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജ​ഗതി ശ്രീകുമാർ. കോമഡി വേഷങ്ങളിലൂടെ ചിരിപ്പിച്ചും, സീരിയസ് വേഷങ്ങളിലൂടെ ചിന്തിപ്പിച്ചും ജ​ഗതി മലയാളി മനസ്സിൽ ഇടം പിടിച്ചു. 2012ൽ സംഭവിച്ച അപകടത്തെ തുടർന്ന് കഴിഞ്ഞ പത്ത് വർഷമായി സിനിമയിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു ജഗതി. സിബിഐ അഞ്ചാം ഭാഗത്തിലാണ് പിന്നീട് മലയാളികൾ ജ​ഗതി ശ്രീകുമാറിനെ കണ്ടത്. വിക്രം എന്ന കഥാപാത്രമായിട്ടായിരുന്നു ചിത്രത്തിൽ താരം എത്തിയത്. കഴിഞ്ഞ വർഷം നിരവധി സിനിമകളിലേക്ക് ജഗതിയെ വിളിച്ചിരുന്നെങ്കിലും ‘സിബിഐ 5’ ആണ് തിരിച്ചു വരവിനായി ജഗതി തെരഞ്ഞെടുത്തത്.

ഇപ്പോഴിതാ വർഷങ്ങൾക്കുശേഷം വൻ തിരിച്ചുവരവ് പ്രഖ്യാപിച്ചിരിക്കുകയാണ് ജ​ഗതി ശ്രീകുമാർ. പിറന്നാൾ ദിനത്തിൽ‌ ജ​ഗതിശ്രീകുമാർ തന്നെയാണ് ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററാണ് നടന്റെ പിറന്നാൾ ദിനത്തിൽ പുറത്തുവിട്ടത്. അജു വർ​ഗീസ് നായകനായെത്തുന്ന ‘വല’ എന്ന ചിത്രത്തിലൂടെയാണ് ജ​ഗതിയുടെ തിരിച്ചുവരവ്. ചിത്രത്തിൽ പ്രൊഫസര്‍ അമ്പിളി അഥവ അങ്കില്‍ ലൂണ.ആര്‍ എന്നാണ് ജ​ഗതിയുടെ കഥാപാത്രത്തിന്റെ പേര്.

‘പുതിയ വർഷം… പുതിയ തുടക്കങ്ങൾ … ചേർത്ത് നിർത്തുന്ന എല്ലാവരോടും നിസ്സീമമായ സ്നേഹം … ഇതിലും നല്ല ജന്മദിന സമ്മാനം ഇല്ല.’ എന്ന അടിക്കുറിപ്പോടെയായിരുന്നു ജ​ഗതിയുടെ പോസ്റ്റ്.

സംവിധായകൻ അരുൺ ചന്തുവിന്റെ പുതിയ ചിത്രമാണ് ‘വല’. അജു വർ​ഗീസ് നായകനായെത്തുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സോംബികളുടെ കഥയാണ് വല എന്ന ചിത്രത്തിലുള്ളത്. മരണപ്പെട്ടിട്ടും ജീവൻ നിലനിർത്തുന്ന മനുഷ്യരെയും ജീവികളെയുമാണ് സയൻസ് ഫിക്ഷൻ ലോകത്ത് സോംബികളെന്ന് വിളിക്കുന്നത്. ഇവരുടെ ആക്രമണത്തില്‍ പെടുന്നവരും സോംബികളായി മാറുന്നതാണ് പൊതുവെ ഫിക്ഷനില്‍ കണ്ടുവരുന്നത്. മലയാളത്തിലെ ആദ്യ സോംബി ചിത്രങ്ങളിലൊന്നായാണ് ഇപ്പോള്‍ വല വരാന്‍ ഒരുങ്ങുന്നത്. 2025-ലാണ് തിയേറ്ററുകളിലെത്തുന്നത്.