തിരുവനന്തപുരം: സർവീസ് പെൻഷൻകാർക്കു നൽകാനുള്ള പെൻഷൻ പരിഷ്കരണ കുടിശികയുടെ ഒരു ഗഡു കൂടി സർക്കാർ വൈകാതെ നൽകും. താമസിയാതെ ഇതു സംബന്ധിച്ച ഉത്തരവിറക്കുമെന്നു ധനവകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി. പെൻഷൻ പരിഷ്കരണ കുടിശിക 4 ഗഡുക്കളായി നൽകാനായിരുന്നു സർക്കാർ തീരുമാനം. വൈകിയെങ്കിലും 3 ഗഡുക്കൾ നൽകി. ബാക്കിയുള്ള ഒരു ഗഡുവാണ് ഉടൻ നൽകുക. ക്ഷേമപെൻഷൻകാർക്കു നൽകാനുള്ള 4 ഗഡു കുടിശികയിൽ ഒരു ഗഡുവും വൈകാതെ നൽകും. ബാക്കിയുള്ളതിൽ 2 ഗഡുക്കൾ ഏപ്രിലിൽ ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വർഷം നൽകുമെന്നു സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു.