Kerala

ഇടുക്കിയിൽ കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; നാല് മരണം

ഇടുക്കി: പുല്ലുപാറയ്ക്ക് സമീപം കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നാല് യാത്രക്കാർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. മാവേലിക്കര സ്വദേശികളായ രമാ മോഹൻ (51), അരുൺ ഹരി(40), സംഗീത്(45), ബിന്ദു (59) എന്നിവരാണ് മരിച്ചത്. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്.

വിനോദയാത്രാ സംഘം മടക്കയാത്രയിലാണ് ബസ് അപകടത്തിൽ പെട്ടത്. വളവിൽവെച്ച് ബസ് നിയന്ത്രണം വിട്ട് 30 അടിയോളം താഴ്ചയിലേക്ക് പോയെന്നാണ് വിവരം. എന്നാൽ മരങ്ങളിൽ തട്ടി ബസ് നിന്നു. 34 യാത്രക്കാ‍രും രണ്ട് ജീവനക്കാരും ബസിലുണ്ടായിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയിൽ കൊടും വളവുകൾ നിറഞ്ഞ റോഡിൽ ഒരു ഭാഗം കൊക്കയാണ്. ബ്രേക്ക് പൊട്ടി വാഹനം അപകടത്തിൽപെട്ടെന്നാണ് ലഭിക്കുന്ന വിവരം. പീരുമേടിൽ നിന്നും മുണ്ടക്കയത്ത് നിന്നും ഫയ‍ർ ഫോഴ്സ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടു. ഹൈവേ പൊലീസ് സംഘവും പുറപ്പെട്ടിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പ് സംഘവും സ്ഥലത്ത് രക്ഷാപ്രവ‍ർത്തനത്തിനായി പോയിട്ടുണ്ട്. യാത്രക്കാ‍ർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

Latest News