കൊച്ചി: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഭാര്യ മഞ്ജുഷയുടെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. നവീൻ ബാബുവിനെ കെട്ടിതൂക്കി കൊലപ്പെടുത്തിയതാണോ എന്നതുൾപ്പടെയുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കുടുംബം ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിയായ ദിവ്യയെ സർക്കാർ സംരക്ഷിക്കുന്നു എന്നും നീതി ലഭിക്കാൻ സിബിഐ അന്വേഷണം അനിവാര്യമാണെന്നും കുടുംബം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രത്യേക സംഘത്തിന്‍റെ അന്വേഷണത്തിൽ വീഴ്ചയില്ലെന്നും സിബിഐ അന്വേഷണം വേണ്ടെന്നുമാണ് സർക്കാർ നിലപാട്. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ സിംഗിൾ ബെഞ്ചാണ് വിധി പറയുക.