Entertainment

ഇത്തവണ വിജയം ഉറപ്പ്, കളക്ഷൻ തൂക്കാൻ രാം ചരണിന്റെ ‘ഗെയിം ചേഞ്ചര്‍’ ; ടിക്കറ്റിന് വൻ തുക

രാം ചരണിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗെയിം ചേഞ്ചര്‍’. രാം ചരണ്‍ ഇരട്ട വേഷത്തില്‍ എത്തുന്ന ചിത്രത്തിൽ വമ്പന്‍ ആക്ഷന്‍ രംഗങ്ങളും അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും കൊണ്ട് സമൃദ്ധമാണെന്നാണ് റിപ്പോർട്ടുകൾ. വിവിധ ഗെറ്റപ്പുകളില്‍ രാം ചരണ്‍ എത്തുന്ന ചിത്രം പല കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. ചിത്രം പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. നേരത്തെ പുറത്തുവന്ന ചിത്രത്തിലെ ചില പാട്ടുകളും അതിന്റെ വിഷ്വല്‍സും വലിയ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നെങ്കിലും ചില പാട്ടുകള്‍ ട്രെന്‍ഡിങ്ങാവുകയും ചെയ്തിരുന്നു.

ഇപ്പോൾ ചിത്രത്തിന്റെ പുലര്‍ച്ചെ ഒരു മണിക്കുള്ള പ്രത്യേക ഷോയ്ക്കായി ആന്ധ്രാ സര്‍ക്കാര്‍ അനുമതി നല്‍കി എന്ന റിപ്പോർട്ടുകളാണ് വരുന്നത്. മാത്രവുമല്ല രാവിലത്തെ ഷോയ്‍ക്ക് ഒരു ടിക്കറ്റിന് 600 രൂപയും ഈടാക്കാം. 175 രൂപ ആറ് ഷോകള്‍ക്ക് ടിക്കറ്റിന് മള്‍ട്ടിപ്ലക്സില്‍ അധികമായും ഈടാക്കാൻ അനുമതിയുണ്ട്. വമ്പൻ പ്രീ റിലീസ് ബിസിനാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 127 കോടി ആന്ധ്രയിലെ തിയറ്റര്‍ ബിസിനസില്‍ നിന്ന് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 400 കോടി ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രം ജനുവരി 10-ന് ആഗോള റിലീസായി തീയേറ്ററുകളിലെത്തും.

ബ്രഹ്‌മാണ്ട സെറ്റുകളും ഡാന്‍സ് നമ്പറുകളുമായി പക്കാ ഷങ്കര്‍ സ്റ്റൈലിലാണ് ചിത്രം എത്തുന്നത്. ചിത്രത്തിലെ അഭിനയത്തിന് രാം ചരണിന് ദേശീയ പുരസ്‌കാരം ലഭിക്കുമെന്ന് സിനിമ കണ്ടതിന് ശേഷം സംവിധായകന്‍ സുകുമാര്‍ പറഞ്ഞിരുന്നു. രാം ചരണിന്റെ നായികയായി കിയാര അദ്വാനിയാണ് ചിത്രത്തില്‍ എത്തുന്നത്. സമുദ്രക്കനി, എസ് ജെ സൂര്യ, ശ്രീകാന്ത്, സുനില്‍, ജയറാം, നവീന്‍ ചന്ദ്ര, വെണ്ണല കിഷോര്‍, വിജയ കൃഷ്‍ണ നരേഷ്, ബ്രഹ്‍മാനന്ദം, രാജീവ് കനകല, രഘു ബാബു, പ്രിയദര്‍ശി പുലികൊണ്ട, സത്യ അക്കല, വെങ്കടേഷ് കകുമാനു, ചൈതന്യ കൃഷ്‍ണ, വിവ ഹര്‍ഷ, സുദര്‍ശന്‍, പൃഥ്വി രാജ്, റോക്കറ്റ് രാഘവ, പ്രവീണ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.

കേരളത്തില്‍ ചിത്രം റിലീസിനെത്തിക്കുന്നത് ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ് ആണ്.ഗെയിം ചേഞ്ചറിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകള്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തും. ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെയും സീ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ ദില്‍ രാജുവും സിരിഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.