ന്യൂഡൽഹി: പഞ്ചാബ്–ഹരിയാന അതിർത്തിയിലെ ഖനൗരിയിൽ 40 ദിവസത്തിലേറെയായി നിരാഹാരമിരിക്കുന്ന കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിന്റെ ആരോഗ്യനില വഷളാകുന്നു. കരൾ, വൃക്ക, ശ്വാസകോശം എന്നിവയുടെ പ്രവർത്തനങ്ങളിൽ പ്രശ്നമുണ്ടെന്നു ഡോക്ടർമാർ അറിയിച്ചു. സമരം രമ്യമായി പരിഹരിക്കാൻ ചർച്ചകൾ തുടരുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഖനൗരിയിലെ സ്വകാര്യ ഹോട്ടലിൽ കർഷക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ദല്ലേവാളിനെ ആശുപത്രിയിലേക്കു മാറ്റാൻ ഇന്നു വരെയാണ് സുപ്രീം കോടതി സമയം അനുവദിച്ചിരിക്കുന്നത്. ഇന്നു കേസ് വീണ്ടും പരിഗണിക്കും.