ന്യൂഡൽഹി: വിദേശത്തു നിന്നുള്ള വിദ്യാർഥികൾക്ക് ഇന്ത്യ 2 പ്രത്യേക തരം വീസകൾ അനുവദിക്കും. വിദ്യാർഥികൾക്കുള്ള ഇ–സ്റ്റുഡന്റ് വീസയ്ക്കും അവരുടെ ആശ്രിതർക്കുള്ള ഇ–സ്റ്റുഡന്റ്– എക്സ് വീസയ്ക്കും അപേക്ഷിക്കുന്നവർ https://indianvisaonline.gov.in/ പോർട്ടലിനു പുറമേ ‘സ്റ്റഡി ഇൻ ഇന്ത്യ പോർട്ടലിലും ’ അപേക്ഷിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്റ്റുഡന്റ് വീസ അപേക്ഷയുടെ വിശ്വാസ്യതയാണു സ്റ്റഡി ഇൻ ഇന്ത്യ പോർട്ടൽ പരിശോധിക്കുക. വിദേശ വിദ്യാർഥികൾക്ക് ഇന്ത്യയിൽ ഉന്നതപഠനത്തിനു പ്രവേശനം നേടാൻ, സ്റ്റഡി ഇൻ ഇന്ത്യ പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്. പോർട്ടലുമായി ധാരണയിലെത്തിയ സ്ഥാപനങ്ങളിൽ നിന്നുള്ള അഡ്മിഷൻ, ഓഫർ ലെറ്റർ ഹാജരാക്കണം. 5 വർഷത്തേക്കാണ് സ്റ്റുഡന്റ് വീസ അനുവദിക്കുന്നത്.