ഗാസ: വെടിനിർത്തൽ ധാരണയ്ക്കായി മധ്യസ്ഥശ്രമം തുടരുന്നതിനിടെ ഗാസയിലെ നൂറോളം കേന്ദ്രങ്ങളിൽ ഇസ്രയേൽ സേന നടത്തിയ ആക്രമണങ്ങളിൽ 88 പലസ്തീൻകാർ കൊല്ലപ്പെട്ടു. നുസീറത്ത് അഭയാർഥി ക്യാംപിലെ ഒരു വീടിനു നേരെയുണ്ടായ ആക്രമണത്തിൽ അഞ്ചും ജബാലിയയിലെ ഒരു കെട്ടിടത്തിനു നേരെയുണ്ടായ ആക്രമണത്തിൽ നാലും പേരും കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സേനയുടെ റെയ്ഡിനിടെ ഒരു പലസ്തീൻകാരൻ വെടിയേറ്റു മരിച്ചു.
15 മാസം പിന്നിട്ട സംഘർഷം അവസാനിപ്പിക്കുന്നതിനും ഹമാസ് ബന്ദികളാക്കിയ ഇസ്രയേലി ബന്ദികളിൽ അവശേഷിക്കുന്നവരെ യുഎസിൽ ഡോണൾഡ് ട്രംപ് പ്രസിഡന്റായി ചുമതലയേൽക്കുന്ന 20നു മുൻപ് മോചിപ്പിക്കുന്നതിനുള്ള ചർച്ചകൾക്ക് വേഗമേറി. ചർച്ചകൾക്കായി 20 മധ്യസ്ഥർ ഖത്തറിലെ ദോഹയിലെത്തിയിട്ടുണ്ട്. ഇതേസമയം, ബന്ദികളിൽ ലിറി അലിബാഗ് എന്ന വനിത ഇസ്രയേലിന്റെ സൈനിക നടപടി തന്റെ ജീവൻ അപകടത്തിലാക്കുമെന്നും തന്റെ മോചനം എത്രയും വേഗം സാധ്യമാക്കാൻ വേണ്ടതു ചെയ്യണമെന്നും അഭ്യർഥിക്കുന്ന വിഡിയോ ഹമാസ് പുറത്തുവിട്ടു. ഇസ്രയേലിന്റെ ഇപ്പോഴത്തെ സൈനിക നടപടിയിൽ ഗാസയിൽ മരിച്ചവരുടെ എണ്ണം 45,805 ആയി. പരുക്കേറ്റവർ 109,064.