രാജ്യത്തെ ആദ്യ ഹ്യൂമന്‍ മെറ്റാപ്ന്യൂമോ വൈറസ് (എച്ച്എംപിവി) സ്ഥിരീകരിച്ച സാഹചര്യത്തിൽ നാട് ആശങ്കയിലാണ്. എന്നാൽ ഇത് പുതിയ വൈറസ് അല്ല എന്നാണ് ശിശുരോഗ വിദഗ്ധൻ അഭിപ്രായപ്പെടുന്നത്. ഇത്തരം വൈറസുകള്‍ സാധാരണ കുഞ്ഞുങ്ങളില്‍ കാണാറുണ്ടെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു. ഇതൊരു പുതിയ വൈറസല്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടികളില്‍ ജലദോഷമുണ്ടാക്കുന്ന വൈറസാണിത്. ശ്വാസകോശരോഗമുള്ള കുട്ടികളിലോ മുതിര്‍ന്നവരിലോ മാത്രമേ ഇത് അപകടകരമാകൂ എന്നും വിദഗ്ദ്ധര്‍ പറയുന്നു.
സർ ഗംഗാ റാം ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോ. സുരേഷ് ഗുപ്ത പറയുന്നത് ഇങ്ങനെയാണ് – പതിറ്റാണ്ടിലേറെയായി ഈ വൈറസ് ഉണ്ട്. ഇൻഫ്ലുവൻസ അല്ലെങ്കിൽ സാധാരണ വൈറൽ പനി പോലെയാണ് എച്ച്എംപിവി വരുന്നത് എന്നും അദ്ദേഹം പറയുന്നു. മിക്ക കേസുകളിലും ജലദോഷം, ചുമ, പനി തുടങ്ങിയ ലക്ഷണങ്ങൾ ആണ് കണ്ടുവരുന്നത് എം വീട്ടിൽ തന്നെ റസ്റ്റ് എടുത്ത് ജനറൽ മെഡിസിൻ കൊണ്ട് മാറ്റാവുന്നതേ ഉള്ളൂ രോഗം എന്നാണ് ഡോ. സുരേഷ് ഗുപ്തയുടെ വാക്കുകൾ. ശ്വാസകോശരോഗമുള്ള കുട്ടികളിലോ മുതിര്‍ന്നവരിലോ മാത്രമേ ഇത് അപകടകരമാകൂ എന്നും വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.
നിലവിൽ എച്ച്എംപിവി സ്ഥിരീകരിച്ചിരിക്കുന്നത് ബെംഗളുരുവിലെ ഒരു സ്വകാര്യ ആശുപത്രി ലാബിലാണ്. എട്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനാണ് രോഗബാധ. കുഞ്ഞിന് വിദേശയാത്രാ പശ്ചാത്തലമില്ല. കടുത്ത പനിയെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അണുബാധ സ്ഥിരീകരിച്ചത്. എവിടെ നിന്നാണ് കുഞ്ഞിന് രോഗം പടര്‍ന്നതെന്ന് പരിശോധിച്ച് വരികയാണ്. കുട്ടിയുടെ നിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ചൈനീസ് വേരിയന്‍റ് ആണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.
എന്താണ് എച്ച്എംപിവി ?
ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഒരു ശ്വാസകോശ വൈറസാണിത്. ഇത് എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെ ബാധിക്കുന്നു. കൊച്ചുകുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങൾ ഉണ്ടാക്കുന്ന ഒരു വൈറസാണ്. തണുപ്പ് കാലത്താണ് രോഗം പടരാൻ സാധ്യത. ജലദോഷമോ പനിയോ വരുമ്പോഴുണ്ടാകുന്ന രോഗലക്ഷണങ്ങളാണ് എച്ച്എംപിവി സാധാരണയായി ഉണ്ടാവുക. കഫകെട്ട്, പനി, ശ്വാസ തടസ്സം, മൂക്കടപ്പ് എന്നിവയെല്ലാം പ്രധാന ലക്ഷണങ്ങളാണ്.പ്രതിരോധ ശേഷി കുറഞ്ഞവരിൽ ബ്രോങ്കൈറ്റിസിനും ന്യുമോണിയയ്ക്കും കാരണമാകും. എച്ച്എംപിവിയുടെ ഇൻകുബേഷൻ കാലയളവ് സാധാരണയായി മൂന്ന് മുതൽ ആറ് ദിവസം വരെയാണ്.
എച്ച്എംപിവി കണ്ടെത്തിയത് 2001ൽ
ചൈനയിൽ പൊട്ടിപ്പുറപ്പെട്ട എച്ച്എംപിവി വൈറസ് ആദ്യമായി കണ്ടെത്തിയത് 2001-ൽ ആണ്. അജ്ഞാതമായ രോഗാണുക്കൾ മൂലമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ അണുബാധയുള്ള കുട്ടികളുടെ നാസോഫറിംഗൽ ആസ്പിറേറ്റ് സാമ്പിളുകളിൽ ഡച്ച് വിദഗ്ധരാണ് ആദ്യമായി വൈറസ് കണ്ടെത്തിയത്. കുറഞ്ഞത് 60 വർഷമായി നിലനിൽക്കുന്നതും സാധാരണ ശ്വാസകോശ രോഗകാരിയായി ലോകത്ത് പലയിടത്തും റിപ്പോർട്ട് ചെയ്യപ്പെട്ടതുമാണ്. അക്കാദമിക് മെഡിക്കൽ സെന്റർ ക്ലീവ്ലാൻഡ് ക്ലിനിക്കിന്റെ അഭിപ്രായത്തിൽ, മെറ്റാപ്ന്യൂമോവൈറസിനെ ചികിത്സിക്കുന്ന ആൻറിവൈറൽ മരുന്നുകളൊന്നും നിലവിൽ ഇല്ല.
വൈറസിന്റെ വ്യാപനം
ചുമ, തുമ്മൽ എന്നിവയിൽനിന്നുള്ള സ്രവങ്ങൾ ശരീരത്തിൽ എത്തുന്നതു വഴി, രോഗം ബാധിച്ചവരുമായിട്ടുള്ള നേരിട്ടുള്ള സമ്പർക്കം വഴിയും വൈറസ് ഒരാളിൽ എത്താം. ഇതിനുപുറമേ മലിനമായ പ്രതലങ്ങളിൽ സ്പർശിച്ചതിന് ശേഷം വായിലോ മൂക്കിലോ കണ്ണിലോ തൊടുന്നത് വഴിയും വൈറസ് പടരാൻ സാധ്യതയുണ്ട്. മാസ്‌ക ഉപയോഗിക്കുക വഴിയും ഇടയ്ക്കിടെ കൈകൾ വൃത്തിയായി കഴുകി സൂക്ഷിക്കുന്നത് വഴിയും രോഗത്തെ തടഞ്ഞുനിർത്താൻ കഴിയും.