ചൈനയില്‍ ഭീതിപടര്‍ത്തിയ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്എംപിവി) ബാധ ഇന്ത്യയിലും സ്ഥിരീകരിച്ചു. ബംഗളൂരുവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള എട്ടു മാസം പ്രായമുള്ള കുഞ്ഞിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കുട്ടിക്ക് വിദേശയാത്രാ പശ്ചാത്തലമില്ല. കുഞ്ഞിന് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് പരിശോധിച്ചു വരികയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസിന്റെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ കേസാണിത്. ചൈനയില്‍ കണ്ടെത്തിയ വൈറസ് വകഭേദമാണോ കുട്ടിക്ക് ബാധിച്ചിട്ടുള്ളത് എന്നത് പരിശോധിച്ചു വരികയാണ്. സ്വകാര്യ ആശുപത്രി ലാബില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ജാഗ്രതാ നടപടികളിലേക്ക് കടക്കുകയാണെന്നും കര്‍ണാടക ആരോഗ്യ വകുപ്പ് അറിയിച്ചു.
ഈ സാഹചര്യത്തിൽ മഹാരാഷ്ട്രയിലും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ഇൻഫ്ലുവെൻസക്ക് സമാനമായ രോഗങ്ങൾ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്യണമെന്ന് ആശുപത്രികൾക്ക് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് നിർദേശം നൽകി. എച്ച്എംപിവി യുമായി ബന്ധപ്പെട്ട വെല്ലുവിളികൾ നേരിടാൻ തയാറെടുക്കാനും നിർദേശിച്ചിട്ടുണ്ട്. ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന എച്ച്എംപിവി കേസുകളിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് പൊതുജനങ്ങൾക്ക് ഉറപ്പ് നൽകി. ആവശ്യമായ മുൻകരുതലുകൾ നടപ്പിലാക്കുന്നുവെന്നും പൗരന്മാർ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. നിലവിൽ, മഹാരാഷ്ട്രയിൽ എച്ച്എംപിവി കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കോവിഡ് മഹാമാരിക്ക് ശേഷം ചൈനയില്‍ വ്യാപിക്കുന്ന പുതിയ വൈറസ് ആരോഗ്യ മേഖലയെ വീണ്ടും ഇല്ലാതാക്കുമോ എന്ന ആശങ്ക പടരുന്നതിന് ഇടയിലാണ് ഹ്യൂമന്‍ മെറ്റന്യൂമോ വൈറസ് (എച്ച്എംപിവി) ഇന്ത്യയിലും സ്ഥിരീകരിക്കുന്നത്. അതേസമയം ചൈന ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്നെല്ലാമാണ് റിപ്പോര്‍ട്ടുകള്‍ വരുമ്പോഴും അവര്‍ ഇതെല്ലാം തള്ളിക്കളയുന്ന സ്ഥിതിയാണ്.
ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന വൈറസാണ് എച്ച്എംപിവി. ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന ഈ രോഗം എല്ലാ പ്രായത്തിലുള്ളവര്‍ക്കും പിടിപെടും. എന്നാലും പ്രായമായവരിലും അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളിലുമാണ് ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കുക. 2001ലാണ് രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ഇതൊരു പുതിയ രോഗമല്ലെന്നും മുന്‍പ് തന്നെ ലോകത്തിന്റെ പലയിടങ്ങളിലും എച്ച്എംപിവി റിപ്പോര്‍ട്ട് ചെയ്തിട്ടിട്ടുണ്ടെന്നും ആരോഗ്യ മേഖലയിലുള്ളവര്‍ പറയുന്നു.