ബിപിസിഎല്ലിൻ്റെ സഹകരണത്തോടെ തെരഞ്ഞെടുത്ത നാൽപ്പത് പേർക്ക് കൊച്ചി അമൃത ആശുപത്രിയിൽ വെച്ച് നടന്ന ചടങ്ങിൽ സ്മാർട്ട് വിഷൻ കണ്ണടകൾ വിതരണം ചെയ്തു. കാഴ്ച ശക്തി ഇല്ലാത്തവർക്ക് മുൻപിലുള്ള ദൃശ്യങ്ങൾ ശബ്ദ രൂപത്തിൽ കാതുകളിൽ എത്തിക്കുന്ന സ്മാർട്ട് വിഷൻ കണ്ണടകളുടെ വിതരണം നാഷണൽ ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് കേരള, സക്ഷമ കേരള, ബിപിസിഎൽ എന്നിവർ സംയുക്തമായാണ് സംഘടിപ്പിച്ചത്.
നിർമ്മിത ബുദ്ധി സാങ്കേതിക വിദ്യയുടെ സഹായത്തോടെ കാഴ്ച പരിമിതരുടെ ജീവിതം കൂടുതൽ മെച്ചപ്പെട്ടതാക്കാനുള്ള ശ്രമങ്ങൾക്ക് അമൃത തുടക്കം കുറിച്ചു. അമൃത ക്രിയേറ്റ് രൂപകൽപന ചെയ്ത എഐ അസിസ്റ്റഡ് ടെക്‌നോളജി ഫോർ ബ്ലൈൻഡിൻ്റെ ഉദ്ഘാടനം കൊച്ചി അമൃത ആശുപത്രിയിൽ വെച്ച് നടന്നു. മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാനുമായ സ്വാമി അമൃത സ്വരൂപാനന്ദപുരി ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു.
ബാഹ്യലോകത്തെ കണ്ണുകൾ കൊണ്ട് കാണാൻ സാധിക്കാത്തവർ അകക്കണ്ണിന്റെ ജ്ഞാനം കൊണ്ട് ലോകത്തെ അനുഭവിച്ചറിയുന്നവരാണെന്ന് അനുഗ്രഹപ്രഭാഷണത്തിൽ അദ്ദേഹം ഓർമിപ്പിച്ചു. മുൻ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ഗോപിനാഥൻ പി എസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കാഴ്ചാ പരിമിതി ഉള്ളവർക്ക് സമൂഹത്തിന്റെ സഹതാപമല്ല അനുകമ്പയാണ് ആവശ്യമെന്ന് ജസ്റ്റിസ്. പി എസ് ഗോപിനാഥൻ ചൂണ്ടിക്കാട്ടി. അമൃത സ്‌കൂൾ ഓഫ് കമ്പ്യൂട്ടിംഗ് അസോസിയേറ്റ് ഡീൻ ഡോ. പ്രേമ നെടുങ്ങാടി പദ്ധതി അവതരിപ്പിച്ചു.
കാഴ്ച പരിമിതിയുള്ള ആളുകൾക്ക് ഉയർന്ന ചെലവ് വരുന്ന റെറ്റിനൽ മൈക്രോ ചിപ്പ്, സ്റ്റെം സെൽ, ജീൻ തെറാപ്പി തുടങ്ങിയ ചികിൽസ സംവിധാനങ്ങൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് അമൃത നടത്തിവരുന്നതെന്ന് അമൃത ഓഫ്താൽമോളജി വിഭാഗം മേധാവി ഡോ. ഗോപാൽ എസ് പിള്ള പറഞ്ഞു. പ്രശസ്ത സംഗീത സംവിധായകൻ ടിഎസ് രാധാകൃണൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
അമൃത കോർണിയ വിഭാഗം മേധാവി ഡോ. അനിൽ രാധാകൃഷ്ണൻ, എൻഎഫ് ബി കേരള ജനറൽ സെക്രട്ടറി സിസി കാശിമണി, എൻഎഫ് ബി കേരള പ്രസിഡന്റ് സതീഷ്‌കുമാർ ഇലഞ്ഞി, സോയ് ജോസഫ്, തണൽ പരിവാർ സെക്രട്ടറി നാസർ കെഎം, സക്ഷമ കേരള അംഗം കൃഷ്ണകുമാർ, എൻഎഫ്ബി കേരള വനിതാ വൈസ് പ്രസിഡന്റ് സാലി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി ബ്രെയ്‌ലി ലിപി വായനാ മത്സരവും, സ്മാർട്ട് വിഷൻ കണ്ണടയുടെ പരിശീലനവും കൊച്ചി അമൃത ആശുപത്രിയിൽ സംഘടിപ്പിച്ചിരുന്നു. വായനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും കലാപരിപാടികളും ചടങ്ങിന്റെ ഭാഗമായി നടന്നു. എറണാകുളം ജില്ലാ സോഷ്യൽ ജസ്റ്റിസ് ഓഫീസർ സിനോ രവി സമാപന ചടങ്ങുകൾക്ക് അധ്യക്ഷത വഹിച്ചു.