Kerala

‘പിന്മാറാന്‍ ഉദ്ദേശിക്കുന്നില്ല, അപ്പീലുമായി മുന്നോട്ടുപോകും’; പ്രതികരണവുമായി നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ | naveen babu’s wife manjusha’s response

എസ്.ഐ.ടി.യുടെ അന്വേഷണത്തില്‍ തൃപ്തിയില്ലാത്തതുകൊണ്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന തീരുമാനത്തിൽ നിന്നും പിന്മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അപ്പീലുമായി മുന്നോട്ടുപോകുമെന്നും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ മാധ്യമങ്ങളോട് പ്രതികരിച്ചു. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ (എസ്.ഐ.ടി.) അന്വേഷണത്തില്‍ തൃപ്തയല്ലെന്നും കേസുമായി ഏതറ്റംവരെയും മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്നും മഞ്ജുഷ പറഞ്ഞു.

എസ്.ഐ.ടി.യുടെ അന്വേഷണത്തില്‍ തൃപ്തിയില്ലാത്തതുകൊണ്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഞങ്ങളുടെ ഭാഗം കോടതി വേണ്ടരീതിയില്‍ പരിഗണിച്ചില്ല എന്നതിന്റെ തെളിവാണ് ഈ വിധി. മരണവുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കേസുമായി ഏതറ്റംവരെയും മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നതും മഞ്ജുഷ വ്യക്തമാക്കി.

ഡി.ഐ.ജി. യതീഷ് ചന്ദ്രയുടെ മേല്‍നോട്ടത്തില്‍ എസ്.ഐ.ടി. കേസ് അന്വേഷിക്കും. ഉന്നത ഉദ്യേഗസ്ഥര്‍ കേസ് നിരീക്ഷിക്കണമെന്നും കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി. ഇതിന്റെ ചുമതല വഹിക്കണമെന്നും കോടതി ഉത്തരവിലുണ്ട്. എന്നാല്‍ ഈ ഉത്തരവും തൃപ്തികരമല്ലെന്ന് മഞ്ജുഷ പറഞ്ഞു. അപ്പീലുമായി മുന്നോട്ടുപോകുമെന്ന് നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബുവും മാധ്യമങ്ങളോട് പറഞ്ഞു.

ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റും സി.പി.എം. ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പി.പി.ദിവ്യയാണ് നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ആത്മഹത്യാ പ്രേരണക്കേസിലെ പ്രതി. പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം കിട്ടിയ നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ അദ്ദേഹത്തെ അഴിമതിക്കാരനായി ചിത്രീകരിച്ച് ദിവ്യ പ്രസംഗിച്ചിരുന്നു. പിറ്റേന്ന്, ഒക്ടോബര്‍ 15-ന് പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സിലാണ് നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണത്തില്‍ തുടക്കം മുതലേ ദുരൂഹത ആരോപിച്ചിരുന്ന നവീന്‍ ബാബുവിന്റെ കുടുംബം, മരണം കൊലപാതകമാണെന്ന സംശയമാണ് ഹര്‍ജിയില്‍ ഉന്നയിച്ചത്. ദിവ്യയുടെ രാഷ്ട്രീയസ്വാധീനം കാരണം പോലീസ് ശരിയായ അന്വേഷണം നടത്തില്ലെന്നാണ് ആരോപണം. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തിലെ രക്തക്കറ പോലീസ് അവഗണിച്ചതും ഇന്‍ക്വസ്റ്റ് തിടുക്കത്തില്‍ നടത്തിയതും സംശയകരമാണെന്ന വാദവും ഹര്‍ജിയിലുണ്ട്. കോടതി നിര്‍ദേശിച്ചാല്‍ അന്വേഷണം ഏറ്റെടുക്കാമെന്ന് സി.ബി.ഐ. വ്യക്തമാക്കിയിരുന്നു. ആരോപണത്തിനപ്പുറം തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലെന്നാണ് ഹര്‍ജിയെ എതിര്‍ത്തുള്ള സര്‍ക്കാര്‍വാദം.

CONTENT HIGHLIGHT: naveen babu’s wife manjusha’s response