കഴിഞ്ഞ വർഷം തമിഴിൽ നിന്നുമെത്തി കേരളത്തിലടക്കം വൻ വിജയം നേടിയ ചിത്രമായിരുന്നു വിജയ് സേതുപതി നായകനായ മഹാരാജ. വിജയ് സേതുപതിയുടെ അമ്പതാം ചിത്രമായിരുന്നു മഹാരാജ. മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടിയിരുന്നു ചിത്രം.
ജൂണിൽ ഇന്ത്യൻ തിയേറ്ററുകളിൽ റിലീസായ ചിത്രം നവംബറിലാണ് ചൈനയിൽ മൊഴിമാറ്റി പ്രദർശനം തുടങ്ങിയത്. വിജയ് സേതുപതിയുടെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ചൈനയിൽ പ്രേക്ഷകർ നൽകുന്നത്. നവംബർ 29 ചൈനയിൽ റിലീസായ ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
റിപ്പോർട്ടുകൾ പ്രകാരം 91.55 കോടിയാണ് സിനിമ ഇതുവരെ ചൈനയിൽ നിന്ന് നേടിയിരിക്കുന്നത്. സിനിമ ഉടൻ 100 കോടി കടക്കുമെന്നാണ് പ്രതീക്ഷ. ചൈനീസ് എംബസിയുടെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ചൈനയിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമായി മഹാരാജ മാറി. റിപ്പോർട്ടുകൾ പ്രകാരം മഹാരാജ ചൈനീസ് ബോക്സ് ഓഫീസിൽ നിന്നും 19.19 കോടിയിലധികം രൂപയാണ് ആദ്യദിനം നേടിയത്. ഒരു ഇന്ത്യൻ സിനിമയ്ക്ക് ലഭിക്കുന്ന മികച്ച ഓപ്പണിങ് കളക്ഷനാണിത്. 2018 ന് ശേഷം ചൈനയില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ഇന്ത്യന്‍ ചിത്രമാണ് മഹാരാജ.
ചൈനയില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന തമിഴ് ചിത്രമെന്ന നേട്ടം മഹാരാജ നേരത്തേ സ്വന്തമാക്കിയിരുന്നു. ജൂണ്‍ 18 ന് നെറ്റ്ഫ്ളിക്സില്‍ എത്തിയ ചിത്രം തായ്വാനില്‍ ടോപ് 10 ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടുകയും 6 ആഴ്ച തുടര്‍ച്ചയായി ആ സ്ഥാനം നിലനിര്‍ത്തുകയും ചെയ്തിരുന്നു. ചൈനയിലെയും തായ്‌വാനിലെയും ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ചിത്രത്തെയും വിജയ് സേതുപതിയെയും അഭിനന്ദിക്കുന്ന പോസ്റ്റുകളും വന്നിരുന്നു.
ചൈനയിൽ ഇന്ത്യൻ സിനിമകൾക്ക് എപ്പോഴും നല്ല സ്വീകാര്യത ലഭിക്കാറുണ്ട്. മഹാരാജയ്ക്ക് മുൻപ് ചൈനയിൽ റിലീസായ മറ്റ് ഇന്ത്യൻ ചിത്രങ്ങളാണ് ആമിര്‍ ഖാൻ്റെ ദംഗൽ, സീക്രട്ട് സൂപ്പർ സ്റ്റാർ തുടങ്ങിയവ. 18,000 സ്ക്രീനുകളിൽ പ്രദർശിപ്പിച്ച ബാഹുബലിയുടെ രണ്ടാം ഭാഗമാണ് ചൈനയിൽ ഏറ്റവും കൂടുതൽ സ്ക്രീനുകളിൽ പ്രദർശിപ്പിച്ച ഇന്ത്യൻ ചിത്രം.
തമിഴിലെ ഹിറ്റ് സംവിധയകൻ നിഥിലൻ സ്വാമിനാഥന്റെ സംവിധാനത്തിൽ ഒരുങ്ങിയ സസ്പെൻസ് ത്രില്ലർ ചിത്രമാണ് മഹാരാജ. അഭിരാമി, അരുൾ ദോസ്, മുനിഷ്കാന്ത്, ബോയ്സ് മണികണ്ഠൻ, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗർ, പി എൽ തേനപ്പൻ എന്നിവരോടൊപ്പം അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നട്ടി നടരാജ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. പാഷൻ സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറിൽ സുദൻ സന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് ചിത്രം നിർമ്മിച്ചത്.