ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ ആഗോള കോർപ്പറേറ്റ് സാമൂഹിക പ്രതിബദ്ധതാ വിഭാഗമായ ആസ്റ്റർ വോളന്റിയേഴ്സിന്റെ അമ്പതാമത്തെ സൗജന്യ മൊബൈൽ ക്ലിനിക്കിന്റെ ഉദ്‌ഘാടനം ഉപരാഷ്ട്രപതി ജഗ്‌ദീപ് ധനകർ നിർവഹിച്ചു. ജമ്മു കശ്മീരിലെ ശ്രീനഗറിലും കർണാടകയിലെ കലബുറഗിയിലും പുതുതായി രണ്ട് മൊബൈൽ ക്ലിനിക്കുകളാണ് സേവനം ആരംഭിച്ചത്. അത്യാധുനിക സാങ്കേതിക സംവിധാനങ്ങൾ ഉൾപ്പെടുന്ന സഞ്ചരിക്കുന്ന ക്ലിനിക്കാണ് ആസ്റ്റർ വോളന്റിയേഴ്‌സ് ഒരുക്കിയിട്ടുള്ളത്. ഇന്റർനെറ്റ് അധിഷ്ഠിതമായി പരസ്പരം ബന്ധിപ്പിക്കപ്പെട്ടിട്ടുള്ള (ഇന്റർനെറ്റ് ഓഫ് തിങ്ങ്സ്) മൊബൈൽ ക്ലിനിക്കിൽ, ടെലി-മെഡിസിൻ സേവനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. സ്പെഷ്യലിസ്റ്റ്, സൂപ്പർ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഇന്റർനെറ്റിലൂടെയും ഫോണിലൂടെയും ലഭ്യമാകും.
പ്രൗഢഗംഭീരമായ ചടങ്ങിൽ, ഉപരാഷ്ട്രപതി ജഗ്‌ദീപ് ധനകർ പുതിയ മൊബൈൽ ക്ലിനിക്കുകൾ ഫ്ലാഗ് ഓഫ് ചെയ്തു. ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ അലീഷ മൂപ്പൻ, ഡയറക്ടർ അനൂപ് മൂപ്പൻ, ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഗവർണൻസ് വിഭാഗം മേധാവിയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ടി.ജെ. വിൽസൺ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇന്ത്യൻ ലാൺ ടെന്നീസ് അസോസിയേഷന്റെ വൈസ് പ്രസിഡന്റും ഡൽഹി പ്രസിഡന്റ് ഓഫ് മിക്സഡ് മാർഷ്യൽ അർട്സുമായ പ്രബൽ പ്രതാപ് സിംഗ് തോമർ, പദ്ധതിയെ ഉൾനാടൻ ഗ്രാമങ്ങളിലേക്ക് പ്രചരിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഉത്തരേന്ത്യയിലും രാജ്യത്തിൻറെ മറ്റ് ഒറ്റപ്പെട്ട പ്രദേശങ്ങളിലും കഴിയുന്ന പാവപ്പെട്ടവർക്ക് ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കുന്നതിനായി ആസ്റ്റർ വോളന്റിയേഴ്‌സ് തുടർന്നുവരുന്ന പ്രവർത്തനങ്ങളിലെ നിർണായക നാഴികക്കല്ലാണ് ഈ നേട്ടം.
അശോക് ലെയ്‌ലാൻഡിന്റെ 7 മീറ്റർ നീളമുള്ള മിത്ര് എന്ന വാഹനത്തിലാണ് പുതിയ മൊബൈൽ ക്ലിനിക്കുകൾ സജ്ജമാക്കിയിട്ടുള്ളത്. രോഗികൾക്ക് കാത്തിരിപ്പ് ഇടവും രജിസ്ട്രേഷൻ ഡെസ്കും പ്രാഥമികമായിട്ടുള്ള പരിശോധനകൾക്കായി ഒരു ചെറിയ ലബോറട്ടറിയും ഉണ്ട്. മരുന്നുകളും മറ്റും കേടുകൂടാതെ സൂക്ഷിക്കുന്നതിന് റെഫ്രിജറേറ്റർ സംവിധാനവും തയാറാണ്. ഡോക്ടറെ കാണുന്നതിനായി പ്രത്യേക മുറിയും വാഹനത്തിലുണ്ട്. ആരോഗ്യസംബന്ധമായ ബോധവത്കരണ പരിപാടികളുടെ പ്രചാരണത്തിനായിട്ടുള്ള സ്ക്രീനും സജ്ജീകരിച്ചിട്ടുണ്ട്. വാഹനത്തിന് പുറത്തേക്ക് തണൽ വിരിക്കാനുള്ള സംവിധാനവും ഉണ്ട്. വായു ശീതീകരണം, അണുബാധ തടയുന്നതിനുള്ള സംവിധാനങ്ങൾ, വൈഫൈ, ഉൾഗ്രാമങ്ങളിലും കൃത്യമായി വഴികാട്ടുന്ന ജിപിഎസ് സംവിധാനം എന്നിവയാണ് മറ്റ് പ്രത്യേകതകൾ. ആസ്റ്റർ ഡിഎം ഹെൽത്ത്കെയറും അശോക് ലെയ്‌ലാൻഡുമായി ചേർന്നുള്ള സഹകരണത്തിലൂടെ ഇന്ത്യയിൽ നടത്തിവരുന്ന സാമൂഹിക പ്രതിബദ്ധതാ പദ്ധതികളുടെ ഭാഗമാണ് ഈ മൊബൈൽ ക്ലിനിക്കുകൾ.
ആവശ്യത്തിന് ചികിത്സാ സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുന്ന ജനവിഭാഗങ്ങൾക്കിടയിൽ ആരോഗ്യസംവിധാനങ്ങൾ ലഭ്യമാക്കുന്നതിൽ ഈ മൊബൈൽ ക്ലിനിക്കുകൾ വലിയ പങ്കുവഹിക്കുമെന്ന് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധനകർ പറഞ്ഞു. പെട്ടെന്ന് എത്തിച്ചേരാൻ കഴിയാത്ത മേഖലകളിൽ അടിയന്തര ഘട്ടങ്ങളിൽ ചികിത്സ ലഭ്യമാക്കുന്ന ഈ പദ്ധതി സ്തുത്യർഹവും കാലഘട്ടത്തിന്റെ ആവശ്യവുമാണെന്നും ഉപരാഷ്ടപതി ചൂണ്ടിക്കാട്ടി. ഇന്ത്യക്കകത്തും പുറത്തും ചികിത്സാസൗകര്യങ്ങൾ കൂടുതൽ വിശാലമാക്കുന്നതിൽ ആസ്റ്റർ വോളന്റിയേഴ്സിന്റെ ശ്രമങ്ങൾ നിർണായകമാകും. എത്ര അകലെയുള്ളവർക്കും ഉന്നതനിലവാരമുള്ള ചികിത്സ നൽകുന്നതിനായി അത്യാധുനിക സാങ്കേതികവിദ്യയിലൂടെ കഴിയുമെന്ന് ആസ്റ്റർ വോളന്റിയേഴ്‌സ് തെളിയിക്കുകയാണ്. പദ്ധതിയുടെ ദീർഘവീക്ഷണത്തെയും ഉദ്ദേശലക്ഷ്യത്തിലെ നന്മയെയും ഉപരാഷ്ട്രപതി അഭിനന്ദിച്ചു.
അതിനൂതന സാങ്കേതികവിദ്യയിലൂടെയും സുസ്ഥിരവും പരിസ്ഥിതിസൗഹൃദപരവുമായ മാർഗങ്ങളിലൂടെയും അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സ നൽകുന്നതിന് പ്രതിജ്ഞാബദ്ധമാണ് ഈ പദ്ധതിയെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. വ്യക്തിഗത ശ്രദ്ധയിലൂന്നിക്കൊണ്ട് വിവിധ ജനവിഭാഗങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ നിതാന്തപരിശ്രമത്തിന്റെ ഭാഗമാണ് ഈ മൊബൈൽ ക്ലിനിക്കുകൾ. വരുംനാളുകളിൽ ഈ പദ്ധതി കൂടുതൽ വിശാലമാക്കുമെന്നും ഉത്തരേന്ത്യയിലെ വിദൂരഗ്രാമങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലുമെന്നും ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
അടിയന്തരഘട്ടങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളും സൗജന്യ ചികിത്സാസഹായവും എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിയും ആസ്റ്റർ വോളന്റിയേഴ്‌സ് മൊബൈൽ മെഡിക്കൽ സർവീസസ് (എ.വി.എം.എം.എസ്) പ്രവർത്തിക്കുന്നു. 12 വർഷങ്ങൾ കൊണ്ടാണ് ആസ്റ്റർ വോളന്റിയേഴ്‌സ് തങ്ങളുടെ അമ്പതാം മൊബൈൽ ക്ലിനിക്ക് എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നത്. ഇന്ത്യക്ക് പുറത്ത് പശ്ചിമേഷ്യയിലും ആഫ്രിക്കയിലും ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലും സാന്നിധ്യമുണ്ട്..
നിലവിൽ കേരളം, തമിഴ്‌നാട്, കർണാടകം, തെലുങ്കാന, മഹാരാഷ്ട്ര, ജാർഖണ്ഡ്, ഒഡിഷ, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ബീഹാർ, പശ്ചിമ ബംഗാൾ, ജമ്മു കശ്മീർ എന്നിവിടങ്ങളിലായി ആകെ 31 മൊബൈൽ ക്ലിനിക്കുകളാണ് ഇന്ത്യയിൽ ആസ്റ്റർ വോളന്റിയേഴ്‌സ് നടത്തിവരുന്നത്. ഗുജറാത്തിലും ആന്ധ്ര പ്രദേശിലും കൂടി ഉടൻ പുതിയ യൂണിറ്റുകൾ പ്രവർത്തനം തുടങ്ങും. 2025ൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ഇത്തരത്തിൽ പുതിയ 10 യൂണിറ്റുകൾ കൂടി തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ 7 വർഷത്തിനിടെ 56 ലക്ഷം പേർക്കാണ് ആസ്റ്റർ വോളന്റിയേഴ്സിന്റെ സേവനങ്ങൾ ലഭിച്ചത്. ഇപ്പോൾ 75,000 ലേറെ സന്നദ്ധപ്രവർത്തകരാണുള്ളത്.