തിരുവനന്തപുരം: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവത്തില്‍ പി.വി അന്‍വർ ഉൾപ്പെടെയുള്ള നേതാക്കളെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ അൻവറിനെ എതിർത്ത് സംസാരിച്ചിരുന്ന പല കോൺഗ്രസ് നേതാക്കളും അൻവറിനെ അനുകൂലിച്ച് സംസാരിയ്ക്കുന്നതും നമ്മൾ കേട്ടു. ഇതോടെ മുടങ്ങി പോയ അന്‍വര്‍ എംഎല്‍എയുടെ യുഡിഎഫ് പ്രവേശനത്തിന് വീണ്ടും കളമൊരുങ്ങുന്നു. ഈ വിഷയം അടക്കം ചർച്ച ചെയ്യാൻ കെപിസിസി അടിയന്തര യോഗം ഈ മാസം 12 ന് ഇന്ദിരാഭവനില്‍ ചേരും.
രാഷ്ട്രീയ കാര്യ സമിതി യോഗത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ്റെ കത്ത് പുറത്ത് വന്നിട്ടുണ്ട്. എല്ലാവരും യോഗത്തിൽ പങ്കെടുക്കണമെന്ന് നിർദ്ദേശം. നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്നതിനൊപ്പം പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ചും ഇതോടെ ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിക്കുമെന്നാണ് വിവരം.
പി വി അന്‍വറിന് പിന്തുണയറിച്ച് ഇതിനകം യുഡിഎഫ് നേതാക്കളെല്ലാം ഒറ്റക്കെട്ടായി രംഗത്തെത്തിയിട്ടുണ്ട്. തൊട്ട് പിന്നാലെയാണ് അന്‍വറിന്റെ യുഡിഎഫ് പ്രവേശന ചര്‍ച്ചകള്‍ സജീവമായത്. ഇന്ന് രാവിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി ഫോണില്‍ സംസാരിച്ചു. പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ചുണ്ടായിരുന്നു ആശയക്കുഴപ്പം പരിഹരിപ്പക്കപ്പെട്ടുവെന്നാണ് മനസ്സിലാക്കുന്നത്. 12 ന് ചേരുന്ന രാഷ്ട്രീയകാര്യസമിതിക്ക് ശേഷമായിരിക്കും യുഡിഎഫിലെ ഘടകകക്ഷികളുമായി ചര്‍ച്ച നടത്തുക.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത പരാമര്‍ശം നടത്തിയ അന്‍വറിനെ യുഡിഎഫിലേക്ക് എടുക്കുന്നതില്‍ പലനേതാക്കളും അതൃപ്തി പങ്കുവെച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിനെതിരെ നിരന്തരം സമരം പ്രഖ്യാപിക്കുകയും നിലവില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള വിവാദം നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അന്‍വറിനെ ഒപ്പം നിര്‍ത്തണമെന്ന അഭിപ്രായ ഐക്യം യുഡിഎഫില്‍ രൂപപ്പെടുകയായിരുന്നു.
ഇന്നലെ രാത്രിയായിരുന്നു ഒന്‍പത് മണിയോടെ എടവണ്ണ ഒതായിയിലെ വീട്ടിലെത്തി പി വി അന്‍വറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ അന്‍വറിനെ പതിനാല് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തിരുന്നു. അന്‍വറിന് പുറമേ ഡിഎംകെ പ്രവര്‍ത്തകരായ സുധീര്‍ പുന്നപ്പാല, മുസ്തഫ പട്ടാമ്പി, ഷൗക്കത്ത് പനമരം, കുഞ്ഞിമുഹമ്മദ് എന്നിവരേയും റിമാന്‍ഡ് ചെയ്തിരുന്നു. ഡിഎംകെ പ്രവര്‍ത്തകരേയും തവനൂര്‍ ജയിലിലേക്കാണ് മാറ്റിയിരിക്കുന്നത്. നിലമ്പൂരില്‍ കാട്ടനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചതുമായി ബന്ധപ്പെട്ട് അന്‍വറിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ച് തകര്‍ത്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പി വി അന്‍വറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
CONTENT HIGHLIGHT: p v anvar udf entry